ഇസ്രായേലി വ്യോമാക്രമണം: ഗസയിലെ ജനങ്ങളോട് പോപുലര്‍ ഫ്രണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
ഇത് തികച്ചും ദു:ഖകരവും നിഷ്ഠൂരവുമാണ്. ഇടയ്ക്കിടെയുള്ള ഇത്തരം ആക്രമണങ്ങളും ഉപരോധവും ആയിരങ്ങള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഗസയിലെ ജനങ്ങള്‍ക്കു നേരെ നടക്കുന്ന വംശഹത്യയുടെ ഭാഗമാണ്.
ഇസ്രായേലി വ്യോമാക്രമണത്തിനിരകളായ ഗസയിലെ ജനങ്ങളോട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഗര്‍ഭിണിയായ യുവതിയും അവരുടെ പതിനാലുമാസം മാത്രം പ്രായമുള്ള അനന്തരവളുമടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്.
ഇത് തികച്ചും ദു:ഖകരവും നിഷ്ഠൂരവുമാണ്. ഇടയ്ക്കിടെയുള്ള ഇത്തരം ആക്രമണങ്ങളും ഉപരോധവും ആയിരങ്ങള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഗസയിലെ ജനങ്ങള്‍ക്കു നേരെ നടക്കുന്ന വംശഹത്യയുടെ ഭാഗമാണ്. 2006 മുതല്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതിനും അനവധിപേര്‍ക്ക് അംഗവൈകല്യം ബാധിച്ചതിനും ലോകം സാക്ഷിയാണ്. ഭക്ഷണവും മരുന്നും ഇന്ധനവുമടക്കമുള്ള അവശ്യ വസ്തുക്കളുടെ വരവ് തടഞ്ഞുകൊണ്ട് 2006 മുതല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ മനുഷ്യത്വരഹിതവും മാരകവുമായ ഉപരോധം ഇതിനകം ഗസയിലെ ജനങ്ങളെ മാനസീകമായും ശാരീരികമായും തകര്‍ത്തിരിക്കുന്നു. ഉപരോധം മൂലം ഗസ മുനമ്പ് ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലായി മാറിക്കഴിഞ്ഞു.
ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും പലസ്തീനും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. കേവലം വെടിനിര്‍ത്തല്‍ കൊണ്ടുമാത്രം ഗസയിലെ ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുകയില്ല. മേഖലയിലെ ഇസ്രായേലികളുടെ അനധികൃത കുടിയേറ്റവും ഉപരോധവും അടിയന്തിരമായി അവസാനിപ്പിക്കുന്നതിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുകയുള്ളു.
ഗസക്കു മേലുള്ള ഉപരോധം നീക്കാന്‍ ഐക്യരാഷ്ട്ര സഭാ സുരക്ഷാകൗണ്‍സിലും ലോകനേതാക്കളും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.