ഇസ്രായേലിന്റെ ആക്രമണം: അടിയന്തര യുഎന്‍ രക്ഷാസമിതി ചേരണം; ഇറാന്‍; അന്തര്‍ദേശീയ നിയമങ്ങളുടെ നഗ്നമായ ലംഘനം

Update: 2024-10-27 12:02 GMT

തെഹ്റാന്‍: ഇസ്രായേല്‍ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നല്‍കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും അടിയന്തര യുഎന്‍ രക്ഷാസമിതി വിളിച്ചുചേര്‍ക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഇറാന്‍ തിരിച്ചടിച്ചാല്‍ ഇസ്രായേല്‍ സുരക്ഷക്കായി രംഗത്തിറങ്ങാന്‍ യുഎസ് പ്രസിഡന്റ ജോ ബൈഡന്‍ സൈന്യത്തിന് അനുമതി നല്‍കി. ലെബനാനില്‍ ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായും 61 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ ചര്‍ച്ചക്കായി മൊസാദ് മേധാവി ഇന്ന് ദോഹയിലെത്തും.

അതേസമയം ശത്രുവിന്റെ കടന്നുകയറ്റത്തിന് തിരിച്ചടി നല്‍കാന്‍ ഇറാന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. അന്തര്‍ദേശീയ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേല്‍ മേഖലയില്‍ തുടരുന്നതെന്നും ലോകസമാധാനത്തിന് നേരെയുള്ള വെല്ലുവിളി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി യുഎന്‍ രക്ഷാസമിതി ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൈനിക കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണത്തോടെ ഇറാനും ഇസ്രായേലും തമ്മിലെ നേരിട്ടുള്ള ഏറ്റുമുട്ടലിന് വിരാമമായെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. യുഎസ് സുരക്ഷാ സമിതി ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ബൈഡന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇറാന്‍ തിരിച്ചടിച്ചാല്‍ ഇസ്രായേലിന് പിന്തുണ നല്‍കാന്‍ ബൈഡന്‍ സൈന്യത്തോട് ആവശ്യപ്പെട്ടു. സംയമനം കൈക്കൊള്ളണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അമര്‍ച്ച ചെയ്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമായി മാറുമെന്ന് റഷ്യയും ചൈനയും പ്രതികരിച്ചു. ഇസ്രായേലിന്റെ ഇറാന്‍ ആക്രമണത്തെ എല്ലാ ഗള്‍ഫ് രാജ്യങ്ങളും അപലപിച്ചു.






Similar News