ഗസയില്‍ ഇസ്രായേല്‍ കൊന്നൊടുക്കിയവരില്‍ 40 ശതമാനവും കുട്ടികള്‍

1,206 വീടുകളിലെ മുഴുവന്‍ കുടുംബാംഗങ്ങളും അധിനിവേശ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Update: 2024-10-26 07:08 GMT


ഗസ: വംശഹത്യ ലക്ഷ്യമിട്ട് ഗസയില്‍ ഇസ്രായേല്‍ തുടരുന്ന കൂട്ടക്കുരുതി 385 ദിവസം പിന്നിടുമ്പോള്‍ കൊല്ലപ്പെട്ട 42,885 പേരില്‍ 40 ശതമാനവും കുട്ടികളാണെന്ന് ഗസ സര്‍ക്കാരിന്റെ മാധ്യമ കാര്യാലയം വെളിപ്പെടുത്തുന്നു. ഏറ്റവും ചുരുങ്ങിയത് 3,738 കൂട്ടക്കൊലകളെങ്കിലും ഗസ മുനമ്പില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയിട്ടുണ്ട്.

ആശുപത്രികളിലെത്തിച്ചതും സംസ്‌കരിച്ചതും അധികൃതര്‍ തിരിച്ചറിഞ്ഞ് സ്ഥിരീകരിച്ചതുമായ കണക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ് രക്തസാക്ഷികളുടെ എണ്ണം കണക്കാക്കിയിട്ടുള്ളതെന്ന് മാധ്യമ കാര്യാലയം വ്യക്തമാക്കി. 10,000 പേരെയെങ്കിലും കാണാതായതായി കണക്കാക്കപ്പെടുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും മൃതശരീരം കണ്ടെത്താത്തതോ തകര്‍ക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയതോ ആയവരും കാണാതായവരുടെ കണക്കിലാണുണ്ടാവുക.

യുദ്ധം തുടങ്ങിയ ശേഷം 17,210 കുട്ടികളാണ് ഗസയില്‍ രക്തസാക്ഷികളായത്. 1,047 ആരോഗ്യ പ്രവര്‍ത്തകരും 85 അത്യാഹിത സന്നദ്ധ പ്രവര്‍ത്തകരും 177 മാധ്യമ പ്രവര്‍ത്തകരും ഗസയില്‍ രക്തസാക്ഷികളായി. ഏറ്റവും ചുരുങ്ങിയത് 1,206 വീടുകളിലെ മുഴുവന്‍ കുടുംബാംഗങ്ങളും അധിനിവേശ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഗസമുനമ്പിലെ ഉപരോധത്തിന്റെ ഫലമായി 37 ഫലസ്തീനികളാണ് പട്ടിണിക്കിരയായി മരിച്ചത്. 3,500 ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ പോഷകാഹാര ദൗര്‍ലഭ്യം മൂലം ജീവാപായ ഭീഷണി നേരിടുകയാണ്. കമാല്‍ അദ്‌വാന്‍ ആശുപത്രിയിലെ ഓക്‌സിജന്‍ നിലയം തകര്‍ക്കുകയും ഇന്ധനവും വൈദ്യുതിയും തടയുകയും ചെയ്തതുമൂലം ആശുപത്രിയിലെ ഐസിയുവില്‍ രണ്ട് കുട്ടികള്‍ മരണമടഞ്ഞതായി ഗസ ആരോഗ്യ മന്ത്രാലയം റിപോര്‍ട്ട് ചെയ്തു.

ആസൂത്രിതമായ നശീകരണത്തിന്റെയും വ്യവസ്ഥാപിതമായ വംശഹത്യയുടെയും ഫലമായി ഗസയില്‍ 197 അഭയകേന്ദ്രങ്ങളും 205 സര്‍ക്കാര്‍ മന്ദിരങ്ങളും സ്‌കൂളുകള്‍ മുതല്‍ സര്‍വകലാശാലകള്‍ വരെയുള്ള 126 വിദ്യാലയങ്ങളും സയണിസ്റ്റ് സൈന്യം തകര്‍ത്തു തരിപ്പണമാക്കി. 34 ആശുപത്രികളാണ് ആക്രമണ ഫലമായി പ്രവര്‍ത്തനരഹിതമായത്.

ഗസ മുനമ്പില്‍ 310 ആരോഗ്യ പ്രവര്‍ത്തകരും 58 മാധ്യമ പ്രവര്‍ത്തകരുമടക്കം 5280 പേരെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. ബെയ്ത് ലാഹിയയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിക്കു നേരെ ഇക്കഴിഞ്ഞ ദിവസം നടന്ന ആക്രമണം സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നതായി. ആശുപത്രി ഉപരോധിക്കപ്പെട്ടതിനാല്‍ 600 പേര്‍ അതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രി ആക്രമണത്തെ ഹമാസ് അപലപിച്ചു. ലോകജനത ഇക്കാര്യത്തില്‍ മൗനം വെടിയണമെന്നും ഹമാസ് അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News