ജമ്മു കശ്മീരില്‍ സ്ഥിതിഗതി സാധാരണ നിലയിലല്ലെന്ന് വ്യക്തമായി: രാഹുല്‍ ഗാന്ധി

.തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സ്വാഭാവികമല്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും രാഹുല്‍ തുറന്നടിച്ചു.

Update: 2019-08-24 13:42 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലല്ലെന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ രാഹുല്‍ അടക്കമുള്ള പ്രതിപക്ഷ സംഘത്തെ ജമ്മു കശ്മീര്‍ ഭരണകൂടം തിരിച്ചയച്ചയച്ചിരുന്നു. പിന്നാലെ ന്യൂഡല്‍ഹിയിലെത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയും താന്‍ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. എന്ത് സാഹചര്യത്തിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നതെന്ന് തങ്ങള്‍ക്ക് അറിയേണ്ടതുണ്ടായിരുന്നു. പക്ഷെ വിമാനത്താവളത്തില്‍നിന്നു പുറത്തുകടക്കാന്‍ തങ്ങളെ അനുവദിച്ചില്ല.തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സ്വാഭാവികമല്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും രാഹുല്‍ തുറന്നടിച്ചു.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഭയപ്പെടുത്തുന്നതാണെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് പറഞ്ഞു. വിമാനത്തിലെ കശ്മീരികളായ സഹയാത്രികര്‍ ങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ കല്ലുപോലെയുള്ള കണ്ണീരാണ് വരികയെന്നും ആസാദ് വ്യക്തമാക്കി.

രാജ്യസഭയിലെ കോണ്‍ഗ്രസ് ഡപ്യൂട്ടി ലീഡര്‍ ആനന്ദ് ശര്‍മ്മ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, രാജ്യസഭയിലെ ഡിഎംകെ നേതാവ് തിരുച്ചി ശിവ, എല്‍ജെഡി അധ്യക്ഷന്‍ ശരത് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവരാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നത്.

കശ്മീരിനുള്ള സവിശേഷ അധികാരം റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാക്കളെത്തിയത്.

Tags:    

Similar News