യുപി ജയിലില്‍ സന്ദര്‍ശകരുടെ കൈകളില്‍ പതിക്കുന്നത് 'ജയ് ശ്രീറാം' സ്റ്റാമ്പ്

Update: 2024-01-24 10:26 GMT
യുപി ജയിലില്‍ സന്ദര്‍ശകരുടെ കൈകളില്‍ പതിക്കുന്നത് ജയ് ശ്രീറാം സ്റ്റാമ്പ്

ഫറൂഖാബാദ്: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം ഉദ്ഘാടനത്തിന് ബിജെപി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഔദ്യോഗിക പരിവേശം നല്‍കിയതിനു പിന്നാലെ ജയില്‍ സന്ദര്‍ശകരുടെ കൈകളില്‍ 'ജയ് ശ്രീറാം' സ്റ്റാമ്പ് പതിച്ച് യുപി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലെ ഫത്തേഗഡ് ജയിലിലാണ് സന്ദര്‍ശകരെ തിരിച്ചറിയുന്നതിനുള്ള പതിവ് സ്റ്റാമ്പിനു പകരം അവരുടെ കൈകളില്‍ കാവി മഷിയിലുള്ള 'ജയ് ശ്രീറാം' സ്റ്റാമ്പ് പതിച്ചത്. ഒരാഴ്ചയായി ഈ രീതി തുടരുന്നതായി ജയില്‍ സൂപ്രണ്ട് ഭീംസെന്‍ മുകുന്ദ് പറഞ്ഞു. ജയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജയിലില്‍ 'സുന്ദര്‍കാണ്ഡ്' പാരായണം പോലുള്ള മതപരമായ ആചാരങ്ങള്‍ സംഘടിപ്പിക്കുകയും 'ഒരു ജില്ല, ഒരു ഉല്‍പ്പന്നം' പദ്ധതിക്ക് കീഴില്‍ പ്രിന്റിങ് പരിശീലനം നല്‍കുന്നതായും മുകുന്ദ് പറഞ്ഞു. ഹിന്ദു, മുസ് ലിം തടവുകാരും സഹകരിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു. സുരക്ഷാ കാരണങ്ങളാല്‍ ഞങ്ങള്‍ സ്റ്റാമ്പിന്റെ ഡിസൈന്‍ മാറ്റിക്കൊണ്ടിരിക്കാറുണ്ട്. ഇത്തരമൊരു സ്റ്റാമ്പുകള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നത് ഇതാദ്യമല്ല. ഉല്‍സവ വേളയില്‍ കുടുംബാംഗങ്ങളോ സുഹൃത്തോ ബന്ധുക്കളോ വരുമ്പോള്‍ ഞങ്ങള്‍ 'ഹാപ്പി ദീപാവലി' സ്റ്റാമ്പുകള്‍ ഉപയോഗിച്ചു. ജയില്‍ ആസ്ഥാനത്തെ ഉത്തരവിനെ തുടര്‍ന്ന് ജനുവരി 22ന് തടവുകാര്‍ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം കണ്ടു. ഇതിനായി വലിയ സ്‌ക്രീന്‍ ഒരുക്കിയിരുന്നു. ജയിലിനുള്ളില്‍ തടവുകാര്‍ സുന്ദരകാണ്ഡം പാരായണം ചെയ്യുന്നുണ്ട്. ഒരാഴ്ച ഭജന കീര്‍ത്തനവും ഭണ്ഡാരത്തോടൊപ്പം പ്രസാദ വിതരണവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News