സംഭല്‍ മസ്ജിദില്‍ ഹാന്‍ഡ് റെയ്ല്‍ സ്ഥാപിച്ചെന്ന കേസ് കുത്തിപ്പൊക്കി പോലിസ്; അഡ്വ. സഫര്‍ അലിയെ കോടതിയില്‍ ഹാജരാക്കി

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജമാ മസ്ജിദിലെ ഹിന്ദുത്വ സര്‍വെയെ തുടര്‍ന്നുണ്ടായ സംഘര്‍ഷക്കേസില്‍ പ്രതിയാക്കിയ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്കെതിരായ അടിസ്ഥാനരഹിതമായ കേസ് കുത്തി പൊക്കി പോലിസ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതി തേടാതെ മസ്ജിദില്‍ ഹാന്‍ഡ് റെയില്‍ സ്ഥാപിച്ചെന്ന 2018ലെ കേസാണ് പോലിസ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പോലിസ് നല്‍കിയ അപേക്ഷ പരിഗണിച്ച കോടതി വാറന്‍ഡ് ഇറക്കി. തുടര്‍ന്ന് ഇന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി.
തോക്കുധാരികളായ നൂറുകണക്കിന് പോലിസുകാരുടെ അകമ്പടിയിലാണ് വയോധികനായ സഫര്‍ അലിയെ മൊറാദാബാദ് ജയിലില്‍ നിന്നും ചന്ദോസിയിലെ കോടതിയില്‍ എത്തിച്ചത്. കാണാനെത്തിയ എല്ലാവരെയും സഫര്‍ അലി കൈവീശി അഭിവാദ്യം ചെയ്തു.

സംഭല്‍ മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജി പരിഗണിച്ച സിവില്‍ കോടതി 2024 നവംബറിലാണ് മസ്ജിദില്‍ സര്‍വേക്ക് ഉത്തരവിട്ടത്. ജയ് ശ്രീറാം വിളിച്ച് സര്‍വേ സംഘം എത്തിയതിനെ തുടര്‍ന്നാണ് മസ്ജിദിന് സമീപം സംഘര്‍ഷമുണ്ടായത്. ആറ് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊല്ലുകയും ചെയ്തു. സംഘര്‍ഷത്തിലെ എഫ്‌ഐആറില്‍ പേരില്ലാഞ്ഞിട്ടും ഈ കേസില്‍ മാര്‍ച്ച് 23നാണ് സഫര്‍ അലിയെ അറസ്റ്റ് ചെയ്തത്. സംഭല്‍ സംഘര്‍ഷം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കുന്നതിന്റെ തലേ ദിവസമായിരുന്നു അറസ്റ്റ്. ഇപ്പോള്‍ അദ്ദേഹത്തിനെതിരായ പഴയ ആരോപണങ്ങളും കുത്തിപ്പൊക്കുകയാണ് പോലിസ്.