'ടിപ്പു മസ്ജിദ് വിട്ടുനല്‍കണം'; നിവേദനവുമായി ഹിന്ദുത്വര്‍

Update: 2022-05-15 09:36 GMT

മൈസൂര്‍: ശ്രീരംഗ പട്ടണത്തിലെ ടിപ്പു മസ്ജിദിനെതിരേ നീക്കവുമായി ഹിന്ദുത്വര്‍. ഹനുമാന്‍ ക്ഷേത്രത്തിലാണ് പള്ളി നിര്‍മിച്ചതെന്നും സ്ഥലം ഹിന്ദുക്കള്‍ക്ക് തന്നെ വിട്ടു നല്‍കണമെന്ന ആവശ്യവുമായി നരേന്ദ്ര മോദി വിചാര്‍ മഞ്ച് എന്ന സംഘടന മാണ്ഡ്യ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് പള്ളി കമ്മിറ്റിയും രംഗത്തെത്തി.


കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേറിയതിന് ശേഷം തുടങ്ങിയ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ജാമിഅ മസ്ജിദ് എന്നറിയപ്പെടുന്ന ടിപ്പുമസ്ജിദിനെതിരായ നീക്കം. ഹലാല്‍, ഹിജാബ് വിരുദ്ധ നീക്കങ്ങള്‍ക്ക് ശേഷം മദ്‌റസകള്‍ക്കും പള്ളികള്‍ക്കുമെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദുത്വര്‍. മദ്‌റസകള്‍ നിരോധിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ശ്രീ രാമ സേന തലവന്‍ പ്രമോദി മുത്തലിക്ക് ആവശ്യപ്പെട്ടു.


'ഹിന്ദു നികുതിദായകരുടെ പണം രാജ്യത്തെ മദ്‌റസ വിദ്യാഭ്യാസത്തിനായി പാഴാക്കുന്നു. മദ്‌റസകള്‍ നിരോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശ്രീരാമസേന സജീവമായ പ്രചാരണം തുടങ്ങും'. മുത്തലിക് പറഞ്ഞു.

ഹലാലിനെതിരേയും ബാങ്ക് വിളിക്കെതിരേയും സമീപ ദിവസങ്ങളില്‍ ശ്രീ രാമ സേന പ്രചാരണം നടത്തിയിരുന്നു. ബാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാന്‍ ചാലിസ ചൊല്ലിയും ശ്രീ രാമ സേന പ്രവര്‍ത്തകര്‍ വര്‍ഗീയ ധ്രുവീകരണത്തിനും സംഘര്‍ഷത്തിനും ശ്രമിച്ചു.

ഹിന്ദുത്വ സമ്മേളനങ്ങളില്‍ സന്യാസിമാര്‍ വംശഹത്യക്ക് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് കര്‍ണാടക ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിംകള്‍ക്കെതിരായ നീക്കം ശക്തമായത്. ഹലാല്‍, ഹിജാബ്, ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി, ക്ഷേത്രോല്‍സവങ്ങളില്‍ മുസ് ലിം കച്ചവടക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തുടങ്ങി നിരന്തരം വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ അരങ്ങേറി.

ഇതിന് പിന്നാലെ മംഗലാപുരം, കുടക്, ഉഡുപ്പി മേഖലയലില്‍ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ ആയുധപരിശീലനവും നടന്നു. കര്‍ണാടകയിലെ കുടക് ജില്ലയിലെ പൊന്നമ്പേട്ടിലുള്ള 'സായ് ശങ്കര്‍' എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒരാഴ്ച നീണ്ടുനിന്ന ആയുധ പരിശീലന ക്യാംപ് നടന്നു. ആര്‍എസ്എസ്സിന് കീഴിലുള്ള ബജ്‌റംഗ്ദള്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. നൂറുകണക്കിന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്ക് ത്രിശൂലങ്ങളും വിതരണം ചെയ്തു. തോക്ക് ഉപയോഗിച്ചുള്ള പരിശീലനവും നടന്നു.

Tags:    

Similar News