മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യ: ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയും അറസ്റ്റില്‍
ലഖ്‌നോ: ഹൈന്ദവ സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് നരേന്ദ്രഗിരി മഹാരാജിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രയാഗ്‌രാജ് ബഡേ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയും അറസ്റ്റിലായി. ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ആധ്യ തിവാരിയാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയും നരേന്ദ്ര ഗിരിയുടെ മുന്‍ മുഖ്യ ശിഷ്യനുമായ ആനന്ദ് ഗിരിയെ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുശേഷമാണ് പൂജാരിയുടെയും അറസ്റ്റ് രേഖപ്പെടുത്തുന്നത്. നരേന്ദ്ര ഗിരിയുടെ ആത്മഹത്യാ കുറിപ്പില്‍ മുന്‍ മുഖ്യ ശിഷ്യന്‍ ആനന്ദ് ഗിരി, പ്രയാഗ്‌രാജ് ബഡേ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരി ആധ്യ തിവാരി, ഇയാളുടെ മകന്‍ സന്ദീപ് തിവാരി എന്നിവരുടെ പേരുകളുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് ഇവരെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിനുശേഷമാണ് രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആത്മഹത്യാ കുറിപ്പില്‍ ഏഴ്, എട്ട് പേജുകളിലാണ് ആധ്യ തിവാരിയുടെ പേര് പരാമര്‍ശിച്ചിരുന്നത്. കേസില്‍ പോലിസിന്റെ രണ്ടാമത്തെ അറസ്റ്റാണുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് മഹന്ത് നരേന്ദ്ര ഗിരി മഹാരാജിനെ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ ഗ്രാജിലെ മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. നരേന്ദ്ര ഗിരി മഹാരാജിനെ നൈലോണ്‍ കയറില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 78 പേജുള്ള ആത്മഹത്യാ കുറിപ്പും പോലിസ് കണ്ടെടുത്തു. ആധ്യ തിവാരി മൂലം മാനസികമായി നരേന്ദ്രഗിരി വളരെ വിഷമിച്ചിരുന്നു. എന്നാല്‍, തന്റെ പേര് ആത്മഹത്യാ കുറിപ്പില്‍ വന്നത് ഗൂഢാലോചനയാണെന്ന് ആനന്ദ് ഗിരി പ്രതികരിച്ചു.
'ഗുരുവില്‍നിന്ന് പണം തട്ടിയെടുത്തവര്‍ കത്തില്‍ എന്റെ പേര് ഉള്‍പ്പെടുത്തിയതാണ്. ജീവിതത്തില്‍ ഒരു കത്തും എഴുതാത്ത ഗുരുജി കത്തെഴുതിയതില്‍ അന്വേഷണം വേണം. അദ്ദേഹത്തിന്റെ കൈയക്ഷരം പരിശോധിക്കണം'- ആനന്ദ് ഗിരി ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് ആനന്ദ് ഗിരിയെ ഹരിദ്വാറില്‍ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തത്. യുപിയിലെ പ്രയാഗ്രാജിലെ ജോര്‍ജ് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 306 (ആത്മഹത്യാ പ്രേരണ) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു. നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അനുയായികളായ ആറുപേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തിട്ടുള്ളത്. ആവശ്യമെങ്കില്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കെ പി മൗര്യ പറഞ്ഞു. ഇന്ത്യയിലെ സന്യാസിമാരുടെ ഏറ്റവും വലിയ സംഘടനയാണ് അഖില ഭാരതീയ അഖാഡ പരിഷത്ത് (എബിഎപി).