ജസ്റ്റിസ് ലോയയുടെ മരണം: അന്വേഷണ സംഘാംഗം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ലോയയുടെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ നിയോഗിച്ചിരുന്ന രവീന്ദ്ര ഭാരത് തോറാത്താണ് ഈ മാസം 13ന് ഉസ്മാനാബാദില്‍ വച്ച് മരിച്ചത്.
മുംബൈ: സിബിഐ കോടതി ജഡ്ജിയായിരുന്ന ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു.ലോയയുടെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ നിയോഗിച്ചിരുന്ന രവീന്ദ്ര ഭാരത് തോറാത്താണ് ഈ മാസം 13ന് ഉസ്മാനാബാദില്‍ വച്ച് മരിച്ചത്. സിബിഐ കോടതി ജഡ്ജി ലോയയുടെ അസ്വാഭാവിക മരണം തെളിവുകളുടെ അടിസ്ഥാനത്തില്‍ പുനരന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനു ശേഷമാണ് ഇദ്ദേഹത്തിന്റെ മരണം. ഉസ്മാനാബാദ് യൂണിറ്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ (എസിബി) ഉദ്യോഗസ്ഥനായിരുന്നു തോറാത്ത്.
ജനുവരി 13ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സോളാപൂര്‍ ആസ്ഥാനമായുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ അദ്ദേഹത്തിന്റെ നില വഷളാവുകയും ആശുപത്രിയില്‍ വച്ച് മരിക്കുകയുമായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.
സുഹ്‌റാബുദ്ധീന്‍ ശെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസ് പരിഗണനയില്‍ ഇരിക്കവേ 2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ലോയ ദൂരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്.തുടര്‍ന്ന് അന്നത്തെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരുന്ന സഞ്ജയ് ബാര്‍വെയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ജസ്റ്റിസ് ലോയയുടെ മരണം ഹൃദയാഘാതമായിരുന്നുവെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ബാര്‍വയുടെ സംഘത്തില്‍ അംഗമായി പ്രവര്‍ത്തിക്കവെ ലോയയുടെ മരണവുമായി ബന്ധപ്പെട്ട സെന്‍സിറ്റീവ് ഫയലുകളും രേഖകളും സുപ്രിം കോടതിയില്‍ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം തോറാത്തിനായിരുന്നുവെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.
ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ രണ്ടു വ്യത്യസ്ഥ ഘട്ടങ്ങളില്‍ തോറാത്തിന് നേരിട്ട് ബന്ധപ്പെട്ടിരുന്നു. 2014ല്‍, ലോയയുടെ മരണത്തിന് തൊട്ടുപിന്നാലെ, ലോയയുടെ കുടുംബവുമായി ബന്ധപ്പെടാന്‍ നിയോഗിച്ചത് ഇദ്ദേഹത്തിനെയായിരുന്നു. മരണശേഷം കുടുംബം സംഭവസ്ഥലത്തില്ലാത്തതിനാല്‍ അവരുമായി ബന്ധപ്പെടാനായില്ലെന്നാണ് ഇദ്ദേഹം റിപോര്‍ട്ട് നല്‍കിയത്.രണ്ടാമത്തെ സംഭവത്തില്‍, ഇപ്പോഴത്തെ മുംബൈ പോലിസ് കമ്മീഷണര്‍ സഞ്ജയ് ബാര്‍വെയുടെ കീഴില്‍ ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവ്‌സിസ് നിയോഗിച്ച ടീമിലും തോറാത്ത് അംഗമായിരുന്നു.