ജാമിഅ മില്ലിയ്യയിലെ സാക്കിര്‍ ഹുസയ്ന്‍ ലൈബ്രറി വീണ്ടും തുറന്നു
കഴിഞ്ഞ ഡിസംബര്‍ 15നാണ് ജാമിയ മില്ലിയ ഇസ് ലാമിയ ലൈബ്രറിയില്‍ പോലിസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം നടത്തിയത്
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ ആക്രമണത്തിനു ശേഷം ജാമിഅ മില്ലിയ ഇസ് ലാമിയ്യ(ജെഎംഐ) സര്‍വകലാശാലയിലെ ഡോ. സാക്കിര്‍ ഹുസയ്ന്‍ ലൈബ്രറി വിദ്യാര്‍ഥികള്‍ക്കു വേണ്ടി വീണ്ടും തുറന്നു. 2019 ഡിസംബര്‍ 15ന് ആക്രമിക്കപ്പെട്ട ശേഷം വിപുലമായ നവീകരണം നടത്തിയാണ് ലൈബ്രറി വീണ്ടും തുറന്നുകൊടുത്തത്. റീഡിങ്ഹാള്‍, റിസര്‍ച്ച് ഫ്‌ളോര്‍, റഫറന്‍സ്, ആനുകാലിക വിഭാഗം, 150 കംപ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ റിസോഴ്‌സ് സെന്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന 800ഓളം ഇരിപ്പിടങ്ങളുള്ള ലൈബ്രറിയിലെ എല്ലാ സേവനങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. ലൈബ്രറിയിലെ പുസ്തകങ്ങളും ഗവേഷണ വിഭാഗങ്ങളും അര്‍ധരാത്രി വരെ പ്രവര്‍ത്തിക്കുന്നുണ്ട്.
എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ച് പുതിയതും സൗകര്യപ്രദവുമായ കസേരകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് സര്‍വകലാശാല അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
'വിവര, ആശയവിനിമയ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി വരും ദിവസങ്ങളില്‍ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണു തീരുമാനം. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ലൈബ്രറിക്ക് ബജറ്റ് വിഹിതം പൂര്‍ണമായും വിനിയോഗിക്കാനും ഇലക്ട്രോണിക് ഡാറ്റാബേസുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കാനും കഴിഞ്ഞത് ഏറെ സംതൃപ്തി നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഏറെക്കാലത്തിനുശേഷം ലൈബ്രറിയുടെ പുതിയ ബ്ലോക്ക് തുറന്നതില്‍ വൈസ് ചാന്‍സലര്‍ പ്രഫ. ഇല്യാസ് ഹുസയ്ന്‍ സംതൃപ്തി രേഖപ്പെടുത്തി. ലൈബ്രറിയുടെ പഴയ വിഭാഗവും ഉടന്‍ തുറക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ച പ്രകടിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15നാണ് ജാമിയ മില്ലിയ ഇസ് ലാമിയ ലൈബ്രറിയില്‍ പോലിസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം നടത്തിയത്. ലൈബ്രറി അടിച്ചുതകര്‍ക്കുകയും വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മാത്രമല്ല, ഡല്‍ഹി പോലിസ് കാംപസിനുള്ളില്‍ ടിയര്‍ഗാസ് ഷെല്ലുകള്‍ എറിയുകയും ചെയ്തിരുന്നു.