ഡിഎംകെ നേതാവിന്റെ മര്‍ദ്ദനത്തില്‍ ജവാന്‍ കൊല്ലപ്പെട്ട സംഭവം; നീതി വേണമെന്ന് കുടുംബം
ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മര്‍ദ്ദനമേറ്റ് ജവാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തങ്ങളെ സന്ദര്‍ശിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഫെബ്രുവരി എട്ടിന് തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പൊതുടാങ്കില്‍ തുണി കഴുകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് 29 കാരനായ പ്രഭു കൊല്ലപ്പെട്ടത്.
പ്രഭുവിനെയും സഹോദരനെയും ഡിഎംകെ കൗണ്‍സിലര്‍ ചിന്നസ്വാമിയും മക്കളും ബന്ധുക്കളും കൂട്ടാളികളും ചേര്‍ന്ന് ഇരുമ്പുവടികളും വടിവാളുകളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രഭുവിനെയും സഹോദരന്‍ പ്രഭാകറിനെയും ആശുപത്രിയില്‍ പ്രവശിപ്പിച്ചെങ്കിലും പ്രഭു മരിക്കുകയായിരുന്നു. 'എന്റെ മകന് 28 വയസേ ഉണ്ടായിരുന്നുള്ളു. അവന് രണ്ട് കുട്ടികളുണ്ട്. അവരുടെ ഭാവി എന്താവും. കുറ്റവാളികളായ ഒമ്പത് പേര്‍ക്കും വധശിക്ഷ നല്‍കണം. ആരെയും വിട്ടയക്കരുത്. അവര്‍ക്ക് വധശിക്ഷ നല്‍കണം,' കൊല്ലപ്പെട്ട ജവാന്റെ പിതാവ് മാടയ്യ പറഞ്ഞു.
അതേസമയം, ചിന്നസ്വാമിയുടെ മകന്‍ പ്രഭുവിനെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നിലത്തിട്ട് കഴുത്തില്‍ ചവിട്ടിയെന്ന് ഭാര്യ ആരോപിച്ചു. പ്രഭുവിനോട്, അടുത്ത ദിവസം എങ്ങനെ ജോലിക്ക് പോവുമെന്ന് ചോദിച്ച് ഭീക്ഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. 'അവര്‍ക്ക് വധശിക്ഷ നല്‍കണം.
ഞങ്ങള്‍ക്ക് ഇപ്പോള്‍ ഭീഷണി തോന്നുന്നു. എന്റെ ഭര്‍ത്താവ് ഇപ്പോഴും സുഖം പ്രാപിച്ചുവരികയാണ്. അദ്ദേഹത്തിന് ആന്തരിക മുറിവുകളുണ്ട്. ഞങ്ങളുടെ ജീവന് എന്താണ് ഉറപ്പ്. പരിക്കേറ്റ പ്രഭാകറിന്റെ ഭാര്യ പ്രിയ പറഞ്ഞു. സംഭവത്തില്‍ നേരത്തെ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഡിഎംകെ കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി ഇന്നലെ പിടിയിലായി.