വിമര്‍ശനത്തിനു പിന്നാലെ മന്ത്രി റിയാസിനെ പ്രശംസിച്ച് ജയസൂര്യ

വേദിയില്‍ ഉന്നയിച്ചത് ആത്മാര്‍ത്ഥതയുടെ ശബ്ദമായിരുന്നു. താന്‍ വേദിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങള്‍ക്കും പ്രതിവിധിയുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പും നല്‍കി. കുറിപ്പില്‍ പറഞ്ഞു

Update: 2021-12-04 15:43 GMT

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തി റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് വിമര്‍ശിച്ച നടന്‍ ജയസൂര്യ മന്ത്രിയെ പ്രശംസിച്ചും രംഗത്തെത്തി.താന്‍ ഏറെ ശ്രദ്ധിക്കുന്നയാളാണ് റിയാസെന്നും നമ്മുടെ ശബ്ദം കേള്‍ക്കുന്ന, അതിനു മൂല്യംകൊടുക്കുന്ന മന്ത്രിയാണ് അദ്ദേഹമെന്നും ജയസൂര്യ ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ അഭിമാനമുണ്ടെന്നും ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും ജയസൂര്യ കുറിപ്പില്‍ പറയുന്നു. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോള്‍ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഒരു പൗരനെന്ന നിലയില്‍ സ്വാഭാവികമായും ഉള്ളില്‍നിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും ഞാന്‍ സമൂഹത്തില്‍നിന്ന് കേട്ടിട്ടുണ്ട് ജയസൂര്യ എഴുതുന്നു. രണ്ടുദിവസം മുന്‍പാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വിളിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതെന്നും ജയസൂര്യ സൂചിപ്പിച്ചു. പരിപാടിക്കുമുമ്പു തന്റെ ഉള്ളില്‍ തോന്നുന്നത് വേദിയില്‍ പറഞ്ഞോട്ടേയെന്ന് മന്ത്രിയോട് ചോദിച്ചിരുന്നു. ഉള്ളില്‍ തോന്നിയത് പറയുമെന്നുള്ളതുകൊണ്ടാണ് വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ മറുപടി. വേദിയില്‍ ഉന്നയിച്ചത് ആത്മാര്‍ത്ഥതയുടെ ശബ്ദമായിരുന്നു. താന്‍ വേദിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങള്‍ക്കും പ്രതിവിധിയുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പും നല്‍കി. കുറിപ്പില്‍ പറഞ്ഞു. മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് ജയസൂര്യ വിമര്‍ശിച്ചത്. റോഡ് തകര്‍ന്നുകിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്നും അങ്ങനെയാണെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോലും റോഡ് തകര്‍ന്നു കിടക്കുകയാണെന്നും താരം കുറ്റപ്പെടുത്തി. എന്നാല്‍, വേദിയില്‍വച്ചു തന്നെ റിയാസ് ജയസൂര്യയെ തിരുത്തി. കേരളത്തെയും ചിറാപുഞ്ചിയേയും തമ്മില്‍ താരതമ്യം ചെയ്യുക സാധ്യമല്ലെന്നും ചിറാപ്പുഞ്ചിയില്‍ ആകെ 10,000 കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണുള്ളതെന്നും കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവര്‍ക്കും അവകാശമുണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരമെന്തെന്ന് പരിശോധിക്കുമെന്നും അതിനുള്ള സാങ്കേതിക വിദ്യകള്‍ പഠിക്കുമെന്നും റിയാസ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ജയസൂര്യ മുഹമ്മദ് റിയാസിനെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് വന്നത്.

Tags:    

Similar News