മന്ത്രി റിയാസിനെതിരായ വിദ്വേഷ പരാമര്‍ശം; അബ്ദുറഹ്മാന്‍ കല്ലായിക്കെതിരേ പോലിസ് കേസെടുത്തു
പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ പരാതിയിലാണ് കോഴിക്കോട് വെള്ളയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ സമ്മേളന പ്രസംഗത്തിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരേ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ പോലിസ് കേസെടുത്തു. പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ പരാതിയിലാണ് കോഴിക്കോട് വെള്ളയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അബ്ദുര്‍റഹ്മാന്‍ പ്രസംഗത്തില്‍ പറഞ്ഞത്. സംഭവം വിവാദമായതിന് പിന്നാലെ അദ്ദേഹം ഖേദപ്രകടനവും നടത്തിയിരുന്നു. വഖഫ് സംരക്ഷണ റാലിക്കെതിരേ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പോലിസ് കേസെടുത്തിട്ടുണ്ട്. ലീഗ് നേതാക്കള്‍ക്കും കണ്ടാലറിയുന്ന 10,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് കോഴിക്കോട് വെള്ളയില്‍ പോലിസ് കേസെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, വഖഫ് സംരക്ഷണ റാലിക്ക് മുന്നോടിയായുള്ള പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യമുയര്‍ത്തിയതില്‍ മാപ്പ് പറഞ്ഞ് ലീഗ് പ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ സ്വദേശശി താജുദ്ദീന്‍ എന്നയാളാണ് വീഡിയോ സന്ദേശത്തിലൂടെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്.