ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; ഗുംലയില്‍ പാലം തകര്‍ത്തു, മാവോവാദികളെന്ന് പോലിസ്
മാവോവാദി മേഖലയായ ഗുംല ജില്ലയില്‍ സായുധ ധാരികള്‍ പാലം തകര്‍ത്തു. മാവോവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ജാര്‍ഘണ്ഡ്: അഞ്ചുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 13 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാവോവാദി സാന്നിധ്യ മേഖലയായതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാവോവാദി സ്വാധീന മേഖലകളിലും കാടുകളിലുള്ള ഒറ്റപ്പെട്ട ബൂത്തുകളിലേക്കും ഹെലികോപ്റ്റര്‍ വഴിയാണ് പോളിംഗ് സാമഗ്രികള്‍ എത്തിച്ചത്.
മാവോവാദികള്‍ ശക്തമായ 1097 പോളിങ്ങ് ബൂത്തുകള്‍ അതീവ പ്രശ്‌ന ബാധിത ബൂത്തുകളായും 461 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായും കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ അര്‍ദ്ധ സൈനിക വിഭാഗത്തേയും പോലിസിനെയും നിയോഗിച്ചു.
അതിനിടെ മാവോവാദി മേഖലയായ ഗുംല ജില്ലയില്‍ സായുധ ധാരികള്‍ പാലം തകര്‍ത്തു. മാവോവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ബിജെപി തനിച്ചും പ്രതിപക്ഷം മഹാസഖ്യമായും ആണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കടുത്ത മല്‍സരം നടക്കുന്ന ജാര്‍ഖണ്ഡില്‍ മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ബിജെപി പ്രധാനമായും ഉന്നയിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താന്‍ മഹാസഖ്യം രൂപീകരിച്ചാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയുടെ ആദിവാസി വിരുദ്ധ നിലപാടുകളും കോര്‍പറേറ്റ് അനുകൂല നയങ്ങളുമാണ് ജെഎംഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും പ്രധാന പ്രചാരണ വിഷയങ്ങള്‍.