ജാര്‍ഖണ്ഡ് : മുന്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍

ജെപിസിസി പ്രസിഡന്റ് രാമേശ്വര്‍ ഉറാവിന്റെയും എഐസിസി നേതാവ് ആര്‍ പി എന്‍ സിങ്ങിന്റെയും സാന്നിധ്യത്തിലായിരുന്നു അകേലയുടെ പാര്‍ട്ടി പ്രവേശനം.

Update: 2019-11-11 04:30 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബാര്‍ഹി നിയോജകമണ്ഡലത്തിലെ മുന്‍ ബിജെപി എംഎല്‍എ ഉമാശങ്കര്‍ അകേല കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ഉമാശങ്കര്‍ അകേല ബിജെപി വിട്ടത്. ജെപിസിസി പ്രസിഡന്റ് രാമേശ്വര്‍ ഉറാവിന്റെയും എഐസിസി നേതാവ് ആര്‍ പി എന്‍ സിങ്ങിന്റെയും സാന്നിധ്യത്തിലായിരുന്നു അകേലയുടെ പാര്‍ട്ടി പ്രവേശനം.

ബര്‍ഹിയില്‍നിന്ന് മല്‍സരിക്കാന്‍ ബിജെപി വീണ്ടും സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഉമാശങ്കര്‍ പാര്‍ട്ടി വിട്ടത്. 2009ല്‍ എംഎല്‍എയായിരുന്ന അകേല കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ മനോജ് യാദവിനെ പരാജയപ്പെടുത്തിരുന്നു. ഇത്തവണ ബര്‍ഹിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഉമാശങ്കര്‍ മല്‍സരിക്കുമെന്നാണ് സൂചന. അഞ്ചുഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 81 നിയമസഭാ മണ്ഡലങ്ങളാണ് ജാര്‍ഖണ്ഡിലുള്ളത്. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 30നാണ് നടക്കുക. 13 മണ്ഡലങ്ങളാണ് ഒന്നാംഘട്ടത്തില്‍ ബൂത്തിലേക്ക് പോവുക.

രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഏഴിന് 20 മണ്ഡലങ്ങളിലായി നടക്കും. മൂന്നാംഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് നടക്കും. നാലാംഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ 16 നും അഞ്ചാംഘട്ടം ഡിസംബര്‍ 20 നും നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിരുന്നു. അഞ്ചുഘട്ടത്തിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 23ന് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. 2.26 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.

Tags:    

Similar News