ജിതിന്‍ നിരപരാധി; വിട്ടയച്ചില്ലെങ്കില്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് കെ സുധാകരന്‍

ഇടതുപക്ഷ സര്‍ക്കാരിന്റെ തലക്കകത്ത് എന്താണെന്ന് തനിക്ക് അറിയില്ല. എകെജി സെന്ററിന് നേരെ ബോംബ് എറിഞ്ഞുവെന്ന് പറയുന്നത് ശുദ്ധ നുണയാണ്. കുലുങ്ങിപ്പോയി എന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞത് ശുദ്ധ അസംബന്ധം. ഇതിന് പിറകില്‍ കോണ്‍ഗ്രസാണെന്ന് ഇ പി ജയരാജന്‍ ഉടന്‍ പ്രതികരിച്ചത് നെറികേടും വസ്തുതാ വിരുദ്ധവുമാണ്. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.

Update: 2022-09-22 14:56 GMT

കൊച്ചി: തിരുവനന്തപുരത്ത് എകെജി സെന്ററിലേക്ക് ഓലപ്പടക്കമെറിഞ്ഞെന്ന പേരില്‍ പോലിസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍ നിരപരാധിയാണെന്നും അദ്ദേഹത്തെ വിട്ടയച്ചില്ലെങ്കില്‍ പോലിസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

അദ്ദേഹത്തെ പോലിസ് ക്രൂരമായി ചോദ്യം ചെയ്യുകയും വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തു. റെയ്ഡില്‍ ഒന്നും കിട്ടിയില്ലെന്ന് ജിതിന്റെ അമ്മ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാരിന്റെ തലക്കകത്ത് എന്താണെന്ന് തനിക്ക് അറിയില്ല. എകെജി സെന്ററിന് നേരെ ബോംബ് എറിഞ്ഞുവെന്ന് പറയുന്നത് ശുദ്ധ നുണയാണ്. കുലുങ്ങിപ്പോയി എന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞത് ശുദ്ധ അസംബന്ധം. ഇതിന് പിറകില്‍ കോണ്‍ഗ്രസാണെന്ന് ഇ പി ജയരാജന്‍ ഉടന്‍ പ്രതികരിച്ചത് നെറികേടും വസ്തുതാ വിരുദ്ധവുമാണ്. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.

സംഭവം അന്വേഷിച്ച പോലിസ് നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബലാത്ക്കാരമായി പിടിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തി ചോദ്യം ചെയ്തു. അതിലൊരു ചെറുപ്പക്കാരനെ എസ്പിയുടെ മുന്നിലിരുത്തി മയക്കുമരുന്ന് കലര്‍ത്തിയ ചോക്ലേറ്റ് നല്‍കി അബോധാവസ്ഥയിലാക്കി ഇല്ലാത്ത മൊഴി രേഖപ്പെടുത്തി. ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത ജിതിനും ഇത്തരം ചോക്ലേറ്റ് നല്‍കിയാണ് ചോദ്യം ചെയ്യുന്നത് എന്നാണ് വിവരം. ഇതേരീതിയില്‍, നേരത്തെ ചോദ്യം ചെയ്യലിന് വിധേയനായ ഒരു ചെറുപ്പക്കാരന്‍ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികില്‍സയിലാണ്. ഇത്തരം രീതി പോലിസിന്റെ നയമാണോയെന്ന് വ്യക്തമാക്കണം. ആക്രമണത്തില്‍ സിപിഎം മുന്‍കൗണ്‍സിലറും ഡിവൈഎഫ്‌ഐ നേതാവുമായ ഒരാളുടെ പങ്ക് തൊട്ടടുത്തുള്ള കച്ചവടക്കാരന്‍ പോലിസിന് സ്‌റ്റേറ്റ്‌മെന്റ് നല്‍കിയിട്ടും ഇതുവരെ ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്തില്ല. അദ്ദേഹത്തിനെതിരേയും സിപിഎമ്മിലെ മറ്റുള്ളവര്‍ക്കെതിരേയും യാതൊരു അന്വേഷണവുമില്ല. കോണ്‍ഗ്രസില്‍ നിന്ന് പുതിയ പുതിയ ആളുകളെ കണ്ടെത്തി പോലിസ് കേസില്‍ കുടുക്കുകയാണ്. കോണ്‍ഗ്രസിന് പുലബന്ധം പോലുമില്ലാത്ത ഈ സംഭവത്തില്‍ കോണ്‍ഗ്രസിന്റെയോ യൂത്ത് കോണ്‍ഗ്രസിന്റെയോ പ്രവര്‍ത്തകരെ പ്രതിയാക്കിയാല്‍ ആ നടപടി നോക്കിയിരിക്കുമെന്ന് സിപിഎമ്മോ പിണറായി വിജയനോ കരുതേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

എകെജി സെന്ററിന് നേരെ ഓലപ്പടക്കം എറിയേണ്ട യാതൊരു കാര്യവും കോണ്‍ഗ്രസിനില്ല. എ കെ ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ കെപിസിസി ഓഫിസിലിരിക്കുമ്പോള്‍ അവിടെ ആക്രമണം നടത്തിയ ഏതെങ്കിലും ഒരു സിപിഎമ്മുകാരനെതിരേ പോലിസ് കേസെടുത്തോ? പേര് നല്‍കിയിട്ടും പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. സിപിഎമ്മിന് എന്തും ചെയ്യാം, അതിനൊക്കെ പോലിസ് പച്ചക്കൊടി കാട്ടും. അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് കള്ളക്കേസില്‍ കുടുക്കുന്നു. ഇത് പോലിസിന്റെ തോന്ന്യാസമാണ്. പോലിസ് സംവിധാനത്തില്‍ ഇന്നുവരെ ഇല്ലാത്ത രീതിയിലുള്ള ചോദ്യം ചെയ്യലാണ് നടക്കുന്നത്. പോലിസും സിപിഎമ്മും തീ കൊണ്ട് തലചൊറിയരുത്. അങ്ങനെ ചെയ്താല്‍ പൊള്ളുമെന്ന യാഥാര്‍ത്ഥ്യ ബോധം അനുഭവപ്പെടും. ഇതുവരെ സഹനശക്തിയോടെ കുറേയേറെ ക്ഷമിച്ചു. ഒരു നിവൃത്തിയുമില്ലെന്ന് വന്നാല്‍ അതിനെ നേരിടേണ്ടിവരും. ആ അപകടകരമായ അവസ്ഥയെ ഭരണപക്ഷം നേരിടേണ്ടി വരും. ജിതിന്‍ കുറ്റം സമ്മതിച്ചുവെന്ന് പോലിസ് പറയുന്നത് അസംബന്ധമാണ്. ചെയ്യാത്ത കാര്യം ജിതിന്‍ സമ്മതിക്കുന്നതെങ്ങനെയാണ്. നിരപരാധിയായ ജിതിനെ വിട്ടയച്ചില്ലെങ്കില്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    

Similar News