ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണായി ബിജെപി നേതാവ്; വിമര്‍ശനവുമായി പ്രതിപക്ഷം

ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് മെമ്പറായ ഡോ. ദര്‍ഹഷാന്‍ അന്ദ്രാബിയെയാണ് വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത കൂടിയാണ് ഇവര്‍.

Update: 2022-03-18 06:54 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ നേതൃസ്ഥാനത്തേക്ക് ബിജെപി നേതാവ്. ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാധ്യമായാണ് വഖഫ് ബോര്‍ഡിന്റെ തലപ്പത്തേക്ക് ബിജെപി പ്രതിനിധി എത്തുന്നത്. ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് മെമ്പറായ ഡോ. ദര്‍ഹഷാന്‍ അന്ദ്രാബിയെയാണ് വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത കൂടിയാണ് ഇവര്‍.

മതസ്ഥാപനങ്ങളുടെ നിര്‍മാണവും നടത്തിപ്പും മാത്രമായിരിക്കില്ല ബോര്‍ഡിന്റെ പ്രധാന ഉത്തരവാദിത്തമെന്ന് ഡോ. ദര്‍ഹഷാന്‍ അന്ദ്രാബി പ്രതികരിച്ചു. 'സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റികള്‍, ആശുപത്രികള്‍ എന്നിവ നിര്‍മിക്കുന്നതിനും പ്രാധാന്യം നല്‍കും. നാരായണാ ഹോസ്പിറ്റല്‍, ശ്രീ മാതാ വൈഷ്‌ണോ ദേവീ സര്‍വകലാശാല എന്നിവ മാതൃകയാക്കാവുന്നതാണ്. നിറത്തിന്റെയോ വര്‍ഗത്തിന്റെയോ മതത്തിന്റെയോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഗുണകരമായിരിക്കും' -അവര്‍ പറഞ്ഞു.ഇസ്‌ലാമിക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പള്ളികളുടെയും നടത്തിപ്പ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. മുസ്‌ലിം ഭൂരിപക്ഷമുള്ള ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശം കൂടിയാണ് ജമ്മു കശ്മീര്‍.

ഈ സാഹചര്യത്തില്‍, ഒരു ബിജെപി പ്രതിനിധിയെ ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ചുമതല ഏല്‍പ്പിക്കുന്നത് 'മതസ്ഥാപനങ്ങളില്‍ ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം' നടപ്പിലാക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ അടുത്ത ചുവടാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

പിഡിപി നേതാവും മുന്‍ എംഎല്‍എയുമായ ഫിര്‍ദൗസ് തക് നിയമനത്തെ വിമര്‍ശിച്ച് രംഗത്തെത്തി.2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്യുന്നത് വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെയായിരുന്നു വഖഫ് ബോര്‍ഡിന്റെ നേതൃസ്ഥാനത്തും ഉണ്ടായിരുന്നത്.

Tags:    

Similar News