ജെഎന്‍യുവിലെ ഗുണ്ടാ വിളയാട്ടം: ആക്രമണം ആസൂത്രിതം; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്
യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്.
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഇന്നലെ രാത്രി നടന്ന ഗുണ്ടാ ആക്രമണം ആസുത്രിതമെന്ന് സൂചന. അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്.
അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ജെഎന്‍യുവിന്റെ പ്രധാന കവാടത്തില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും കാപസിലെ പോലിസ് സാന്നിധ്യത്തെക്കുറിച്ചും സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്.
അക്രമത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപിക്കുന്നത്. മുഖം മൂടി ധരിച്ച് മാരകായുധങ്ങളുമായെത്തിയ സംഘം കണ്ണില്‍ കണ്ടവരെയൊക്കെ മര്‍ദ്ദിക്കുകയും സാധന സമഗ്രികള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. അക്രമി സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു. കാംപസിനു പുറത്തുള്ള ലൈറ്റുകള്‍ അണച്ചാണ് ആക്രമണം നടത്തിയത്. സബര്‍മതി ഹോസ്റ്റല്‍, മഹി മാണ്ഡ്വി ഹോസ്റ്റല്‍, പെരിയാര്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് ഇന്നലെ അക്രമം ഉണ്ടായത്. ആദ്യം കല്ലേറ് നടത്തിയ സംഘം തുടര്‍ന്ന് സബര്‍മതി ഹോസ്റ്റലും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. പൈപ്പുകളിലൂടെ പെരിയാര്‍ ഹോസ്റ്റലിലേക്ക് കയറിയ സംഘം മുഖം മറച്ചാണ് അക്രമം അഴിച്ച് വിട്ടതെന്ന് വിദ്യാര്‍ഥി യൂനിയന്‍ പറഞ്ഞു.മുഖം മറച്ച് ലാത്തിയും, വടികളും, ചുറ്റികയുമായി ക്യാമ്പസില്‍ എബിവിപി അംഗങ്ങള്‍ അഴിഞ്ഞാടുകയാണെന്നും ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ട്വീറ്റുകളില്‍ വിശദമാക്കി. ആക്രമി സംഘത്തിലെ ആളുകളുടെ ചിത്രങ്ങളും വീഡിയോകളും ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇന്നലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് ഗുരുതര പരിക്കേറ്റു. സര്‍വ്വകലാശാലയിലെ മറ്റൊരു എസ്എഫ്‌ഐ നേതാവ് സൂരിയടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളില്‍ നാളുകളായി സര്‍വകലാശാലയില്‍ സമരം നടക്കുന്നുണ്ടായിരുന്നു. അധ്യാപകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഒരു വിഭാഗം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ജെഎന്‍യുവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമവുമായി നേരിട്ട് ബന്ധമുള്ളവരാണ് കസ്റ്റഡിലുള്ളതെന്നാണ് സൂചന.ഇവര്‍ പുറത്തുനിന്നുള്ളവരാണെന്നാണ് വിവരം.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകലാശാല വിസിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി അധ്യാപകര്‍ രംഗത്തെത്തി. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. അതേസമയം രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.