രാജ്യവിരുദ്ധ മുദ്രാവാക്യം: കനയ്യകുമാറിനും ഉമര്‍ ഖാലിദിനുമെതിരേ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
പാട്യാല ഹൗസ് കോടതിയില്‍ വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കുമെന്നാണ് പോലിസ് അറിയിച്ചത്.
ന്യൂഡല്‍ഹി: മൂന്നുവര്‍ഷം മുമ്പ് രാജ്യത്തെ പിടിച്ചുകുലിക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ അമരക്കാരായ കനയ്യകുമാറിനും ഉമര്‍ ഖാലിദിനും മറ്റു എട്ടുപേര്‍ക്കെതിരേ ഇന്ന് രാജ്യദ്രോഹ കേസില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിക്കും. പാട്യാല ഹൗസ് കോടതിയില്‍ വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കുമെന്നാണ് പോലിസ് പറഞ്ഞത്. 2016 ഫെബ്രുവരിയിലാണ് ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്ന് പോലിസ് ആരോപിച്ചത്. പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെട്ട അഫ്‌സല്‍ ഗുരു അനുസ്മരണസമ്മേളനത്തിലായിരുന്നു വിവാദ സംഭവങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ഥി നേതാക്കളായ അനിര്‍ബന്‍ ബട്ടാചാര്യ, ഉമര്‍ഖാലിദ്, കനയ്യ കുമാര്‍ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. കുറ്റപത്രത്തില്‍ പേര് ചേര്‍ത്തിട്ടുള്ള ഏഴുപേര്‍ കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്. അതേസമയം, പോലിസ് ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് എതിര്‍കക്ഷികള്‍ പറഞ്ഞു.