ജോര്‍ദാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങി ഇസ്‌ലാമിക സഖ്യം

ഇസ്‌ലാമിക പ്രസ്ഥാനത്തിന് പുറത്തുള്ള രാഷ്ട്രീയ വ്യക്തിത്വങ്ങളുമായും പ്രസ്ഥാനങ്ങളുമായും കൈകോര്‍ത്ത് നാഷണല്‍ അലയന്‍സ് ഫോര്‍ റിഫോം രൂപീകരിച്ചതായി അറബി 21 റിപ്പോര്‍ട്ട് ചെയ്

Update: 2020-10-09 14:09 GMT

അമ്മാന്‍: ജോര്‍ദാനിലെ മുഖ്യപ്രതിപക്ഷമായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗം ജബ്ഹത്തുല്‍ അമലില്‍ ഇസ്‌ലാമി (ഇസ്‌ലാമിക് ആക്ഷന്‍ ഫ്രണ്ട്) നവംബര്‍ 10ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കും. 2016ലെ തിരഞ്ഞെടുപ്പിലേതു പോലെ സഖ്യമുണ്ടാക്കിയാവും ഇസ്‌ലാമിക് ആക്ഷന്‍ ഫ്രണ്ട് എന്ന ഐഎഎഫ് തിരഞ്ഞെടുപ്പിനെ നേരിടുക. ഐഎഎഫ് നേതൃത്വം ഇതിനായി ഊര്‍ജ്ജിത ശ്രമങ്ങളുമായി മുന്നോട്ട പോവുകയാണ്.

100 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പുറത്തുള്ള രാഷ്ട്രീയ വ്യക്തിത്വങ്ങളുമായും പ്രസ്ഥാനങ്ങളുമായും കൈകോര്‍ത്ത് നാഷണല്‍ അലയന്‍സ് ഫോര്‍ റിഫോം രൂപീകരിച്ചതായി അറബി 21 റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്ത്യന്‍ സീറ്റുകളിലേക്കും സഖ്യമായി പാര്‍ട്ടി ജനവിധി തേടും. ഐഎഎഫിന് പുറത്തുള്ള 40 സ്ഥാനാര്‍ത്ഥികള്‍ സഖ്യത്തിന്റെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഎഎഫും ഭരണകൂടവും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ജോര്‍ദാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക പ്രസ്ഥാനം പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളത്. പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ക്ക് പാര്‍ലമെന്റില്‍ സീറ്റ് ലഭിക്കാതിരിക്കാന്‍ ഭരണകൂടം കൊണ്ടുപിടിച്ച ശ്രമം നടത്തിവരുന്നതിനിടെയാണ് പാര്‍ലമെന്റിലേക്ക് മാറ്റുരയ്ക്കാന്‍ ഐഎഎഫ് ഒരുങ്ങുന്നത്.

പരമാധികാര രാഷ്ട്രമായ ജോര്‍ദാനില്‍ ഭരണഘടനാപരമായ രാജവാഴ്ചയാണുള്ളത് (Constitutional monarchy). നിയമനിര്‍മാണവും കാര്യനിര്‍വഹണവുമെല്ലാം രാജാവിന്റെ വിപുലമായ അധികാര പരിധിയിലാണ്. അതിനാല്‍ തന്നെ പാര്‍ട്ടികളുടെ പങ്കാളിത്തമെന്നത് വലിയ അളവില്‍ നിയന്ത്രണ വിധേയമാണ്. ജോര്‍ദാനില്‍ അംഗീകാരമുള്ള 54 രാഷ്ട്രീയ പാര്‍ട്ടികളുണ്ടെങ്കിലും ഗോത്രങ്ങളെയും, പ്രാദേശികഭൂമിശാസ്ത്രത്തെയും അടിസ്ഥാനമാക്കിയാണ് ഇവയുടെ പ്രവര്‍ത്തനം. 2016 സെപ്തംബര്‍ 20ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 37 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

ജബ്ഹത്തുല്‍ അമലില്‍ ഇസ്‌ലാമി തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നുവെന്ന പാര്‍ട്ടി സെക്രട്ടറി ജനറല്‍ മുറാദ് അല്‍അദായലയുടെ പ്രഖ്യാപനം കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

കൂടിയാലോചന സമിതിയില്‍ ദീര്‍ഘനേരം ചര്‍ച്ച ചെയ്തതിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറി ജനറല്‍ പ്രഖ്യാപിച്ചത്. ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന അഭിപ്രായത്തിനാണ് കൂടിയാലോചന സമിതിയില്‍ മുന്‍തൂക്കമുണ്ടായിരുന്നതെങ്കിലും, രാജ്യത്തിന്റെ നന്മയാണ് കൂടുതല്‍ പരിഗണിക്കേണ്ടതെന്ന നിലപാടിലെത്തുകയായിരുന്നുവെന്നാണ് പാര്‍ട്ടി വക്താക്കള്‍ വിശദീകരിക്കുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന നിലപാട് പാര്‍ട്ടി ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്. ജബ്ഹത്തുല്‍ അമലില്‍ ഇസ്‌ലാമി നേരത്തേയും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിട്ടുണ്ട്.

ഇസ്രായേലുമായി ജോര്‍ദാന്‍ സമാധാനക്കരാര്‍ ഉണ്ടാക്കിയതില്‍ പ്രതിഷേധിച്ച് 1997ല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഉള്‍പ്പടെയുള്ള ജോര്‍ദാനികളുടെ ആഗ്രഹത്തിനൊത്ത് പരിഷ്‌കരണം സാധ്യമാക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ആക്ഷേപിച്ച് 2010ലും 2013ലും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഈ വരുന്ന നവംബറിലെ തെരഞ്ഞടുപ്പും ബഹിഷ്‌കരിക്കുമെന്ന പാര്‍ട്ടിയുടെ നിലപാട് തിരുത്തിയതാണിപ്പോള്‍ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്.

Tags:    

Similar News