അമിത് ഷാ തുടരും; ജെ പി നദ്ദ ബിജെപി വര്‍ക്കിങ് പ്രസിഡന്റ്
മന്ത്രിസഭാ രൂപീകരണവേളയില്‍ നദ്ദയുടെ പേരില്ലാതിരുന്നപ്പോള്‍ തന്നെ സുപ്രധാന സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന സൂചനയുണ്ടായിരുന്നു
ന്യൂഡല്‍ഹി: ഒന്നാം മോദി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന മുതിര്‍ന്ന നേതാവ് ജെ പി നദ്ദയെ ബിജെപി വര്‍ക്കിങ് പ്രസിഡന്റായി ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗം തിരഞ്ഞെടുത്തു. ബിജെപി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരും. ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനാല്‍ അദ്ദേഹത്തെ സംഘടനാ കാര്യങ്ങളില്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റിനെ നിയമിച്ചത്. ഹിമാചല്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ജെ പി നദ്ദ ബിജെപി പാര്‍ലിമെന്ററി ബോര്‍ഡ് സെക്രട്ടറിയുടെ ചുമതല വഹിച്ചുവരുകയായിരുന്നു. ബ്രാഹ്മണ സമുദായാംഗമാണ്. ജാര്‍ഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ അമിത് ഷാ തദ്സ്ഥാനത്തു തുടരാനാണു സാധ്യത. അമിത് ഷായ്ക്കു കീഴില്‍ പാര്‍ട്ടി നിരവധി തിരഞ്ഞെടുപ്പുകള്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് ആഭ്യന്തര മന്ത്രിയുടെ ചുമതലകള്‍ കൂടി നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സംഘടനാ തിരഞ്ഞെടുപ്പില്‍ സഹായിക്കുന്നതിനാണ് വര്‍ക്കിങ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയതെന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററില്‍ വ്യക്തമാക്കി. ഇത്തവണ ഉത്തര്‍പ്രദേശിന്റെ ചുമതലയാണു നദ്ദയ്ക്കുണ്ടായിരുന്നത്. മന്ത്രിസഭാ രൂപീകരണവേളയില്‍ നദ്ദയുടെ പേരില്ലാതിരുന്നപ്പോള്‍ തന്നെ സുപ്രധാന സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന സൂചനയുണ്ടായിരുന്നു.