ബാബരി മസ്ജിദ് ധ്വംസനക്കേസ്: 32 പ്രതികളെയും വെറുതെവിട്ട ജഡ്ജിക്ക് യുപി ഉപലോകായുക്തയായി നിയമനം

കഴിഞ്ഞ വര്‍ഷം കേസില്‍ വിധി പുറപ്പെടുവിച്ച ശേഷം വിരമിച്ച ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിനെയാണ് ഉത്തര്‍പ്രദേശില്‍ ഉപ ലോകായുക്തയായി നിയമിച്ചത്. 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള 32 പ്രതികളെയും പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന സുരേന്ദ്ര കുമാര്‍ യാദവാണ് 2020 സപ്തംബര്‍ 30 ന് കുറ്റവിമുക്തരാക്കിയത്.

Update: 2021-04-12 18:55 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ധ്വംസനക്കേസില്‍ എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള പ്രമുഖരായ 32 പ്രതികളെയും വെറുതെവിട്ട ജഡ്ജിയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപലോകായുക്തയായി നിയമിച്ചു. കഴിഞ്ഞ വര്‍ഷം കേസില്‍ വിധി പുറപ്പെടുവിച്ച ശേഷം വിരമിച്ച ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിനെയാണ് ഉത്തര്‍പ്രദേശില്‍ ഉപ ലോകായുക്തയായി നിയമിച്ചത്. ഏപ്രില്‍ 6നാണ് യാദവിനെ ഗവര്‍ണര്‍ മൂന്നാമത്തെ ഉപലോകായുക്തയായി നിയമിച്ചത്. തിങ്കളാഴ്ച ലോകായുക്ത സഞ്ജയ് മിശ്രയുടെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ സുരേന്ദ്ര കുമാര്‍ യാദവ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രീയ പശ്ചാത്തലമില്ലാത്തവരെയാണ് ലോകായുക്തയില്‍ നിയമിക്കുകയെന്നാണു ചട്ടം. പ്രാഥമികമായി അഴിമതി, സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യല്‍, പൊതുജനസേവകരോ മന്ത്രിമാരോ അധികാര ദുര്‍വിനിയോഗം നടത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന നിയമപരമായ അതോറിറ്റിയാണ് ലോകായുക്ത.

    1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള 32 പ്രതികളെയും പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന സുരേന്ദ്ര കുമാര്‍ യാദവാണ് 2020 സപ്തംബര്‍ 30 ന് കുറ്റവിമുക്തരാക്കിയത്. അദ്വാനിയെ കൂടാതെ മുരളി മനോഹര്‍ ജോഷി. ഉമാ ഭാരതി, കല്യാണ്‍ സിങ് തുടങ്ങിയവരായിരുന്നു പ്രതികള്‍. യാദവ് 2019 ല്‍ വിരമിക്കേണ്ടതായിരുന്നുവെങ്കിലും ആ വര്‍ഷം ജൂലൈയില്‍ സുപ്രിം കോടതി അദ്ദേഹത്തിന് ഒരു വര്‍ഷം നീട്ടിനല്‍കുകയായിരുന്നു. ബാബരി കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനും വിധി പറയാനും വേണ്ടിയാണ് നീട്ടി നല്‍കിയതെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

    മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള കേസില്‍ വിചാരണക്കോടതിയുടെ വിധി പ്രഖ്യാപിക്കാനുള്ള സമയപരിധിയായി 2020 സപ്തംബര്‍ 30 ആണ് സുപ്രീം കോടതി നിശ്ചയിച്ചത്. തുടര്‍ന്നു നടന്ന വിചിത്രമായ വിധിന്യായത്തിലാണ് ബിജെപി, വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ പള്ളി ആസൂത്രിതമായി പള്ളി പൊളിക്കാന്‍ നേതൃത്വം നല്‍കിയിട്ടില്ലെന്നും പൊളിക്കുന്ന അക്രമിക്കൂട്ടത്തെ തടയുകയാണ് ചെയ്തതെന്നും വ്യക്തമാക്കിയാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വെറുതെവിട്ടത്. പ്രതികള്‍ക്കെതിരേ മതിയായ തെളിവുകള്‍ ഇല്ലെന്നും സിബിഐ നല്‍കിയ ഓഡിയോ, വീഡിയോ തെളിവുകളുടെ ആധികാരികത അന്വേഷിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

    ഉപലോകായുക്തയുടെ കാലാവധി എട്ട് വര്‍ഷമാണ്. 2016 ആഗസ്ത് നാലിനു നിയമിതനായ ഷംബു സിങ് യാദവ്, 2020 ജൂണ്‍ ആറിന് നിയമിതനായ ദിനേശ് കുമാര്‍ സിങ് എന്നിവരാണ് മറ്റ് രണ്ട് ഉപലോകായുക്തര്‍.

Judge Who Acquitted 32 Accused In Babri Case Verdict Appointed 'Up-Lokayukta'

Tags:    

Similar News