'ഗവര്‍ണര്‍ രാഷ്ട്രീയം പറയുന്നതോടെ കെ സുരേന്ദ്രന് പണിയില്ലാതായി'; പരിഹാസവുമായി കെ മുരളീധരന്‍

Update: 2022-02-20 07:03 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ വന്ന് നയപ്രഖ്യാപനം നടത്താന്‍ മാത്രം ഒരു ഉദ്യോഗസ്ഥനെ ബലി കൊടുക്കേണ്ടതില്ലായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഗവര്‍ണര്‍ രാഷ്ട്രീയം പറയുന്നതോടെ കെ സുരേന്ദ്രന് പണിയില്ലാതെയായെന്നും മുരളീധരന്‍ പരിഹസിച്ചു. ഗവര്‍ണറെ തുറന്ന് വിട്ടാല്‍ ആര്‍എസ്എസുകാരന് കുടപിടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറുമെന്നും മുരളീധരന്‍ പറഞ്ഞു. പൂച്ചയെ കണ്ട് പേടിച്ചാല്‍ പുലിയെ കാണുമ്പോഴുള്ള അവസ്ഥയെന്താകുമെന്നും മുരളി ചോദിച്ചു.

ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന ഹരി എസ് കര്‍ത്തായെ ഗവര്‍ണ്ണറുടെ അഡീഷനല്‍ പിഎ ആയാണ് നിയമിച്ചത്. ഗവര്‍ണ്ണറുടെ സ്റ്റാഫിലെ ബിജെപി നേതാവിന്റെ നിയമനം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ തര്‍ക്കത്തില്‍ ഗവര്‍ണര്‍ക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന് മുരളീധരന്‍ പറഞ്ഞു. യുഡിഎഫാണ് പെന്‍ഷന്‍ കൊണ്ടുവന്നത്. പെന്‍ഷന്‍ കൊടുക്കുന്നത് തെറ്റല്ല.

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മുരളീധരന്‍ പറഞ്ഞു. എല്‍ഡിഎഫിനെ ജയിപ്പിച്ചതിന് പലിശയടക്കം തിരിച്ചുനല്‍കി. ഭരണകക്ഷി എംഎല്‍എയ്ക്ക് എതിരെ സമരം ചെയ്യാനുള്ള അവകാശം പോലുമില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ഗവര്‍ണറുടെ സ്റ്റാഫില്‍ ഹരി എസ് കര്‍ത്തയെ നിയമിച്ചതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ഹരി എസ് കര്‍ത്ത ബിജെപി നേതാവ് തന്നെയാണ്. നിയമനം സര്‍ക്കാര്‍ അംഗീകരിക്കാന്‍ പാടില്ലായിരുന്നു. രാജ്ഭവനില്‍ രാഷ്ട്രീയ നിയമനം മുമ്പില്ലാത്തതാണെന്നും മുരളീധരന്‍ പറഞ്ഞു.

Tags:    

Similar News