കെ-റെയില്‍: അടിയന്തര പ്രധാന്യത്തോടെ തുടര്‍ ചര്‍ച്ചയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം
തിരുവനന്തപുരം: ശക്തമായ എതിര്‍പ്പും കേന്ദ്രാനുമതിയുടെ പ്രശ്‌നവും കാരണം നിര്‍ത്തിവച്ച കെ റെയിലില്‍ തുടര്‍ ചര്‍ച്ചയ്ക്ക് നിര്‍ദേശം നല്‍കി റെയില്‍വേ ബോര്‍ഡ്. ഭൂമിയുടെ വിനിയോഗം ഉള്‍പ്പെടെ എല്ലാകാര്യങ്ങളും കെ റെയിലുമായി ആശയവിനിമയം നടത്താനാണ് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കിയത്. അടിയന്തര പ്രധാന്യമുള്ള വിഷയമാണെന്നാണ് കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. വിഷയം അടിയന്തര പ്രധാന്യത്തോടെ പരിഗണിക്കണമെന്നും റെയില്‍വേ മാനേജറോട് നിര്‍ദേശിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം എത്രയും വേഗം വിവരങ്ങള്‍ റെയില്‍വേ ബോര്‍ഡിനെ അറിയിക്കണം. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് റെയില്‍വേ ഭൂമിയില്‍ കെ റെയിലും ദക്ഷിണ റെയില്‍വേയും സംയുക്തമായി നേരത്തേ സര്‍വേ നടത്തിയിരുന്നു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കെ റെയില്‍ തയ്യാറാക്കിയ രൂപരേഖയില്‍ റെയില്‍വേ ബോര്‍ഡ് ലഭ്യമാക്കേണ്ട ഭൂമിയെക്കുറിച്ചും, സ്‌റ്റേഷന്‍ സംബന്ധിച്ചുമെല്ലാം ആശയക്കുഴപ്പം നിലനിന്നിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ആശയവിനിമയം ഉണ്ടായിരിക്കുന്നത്.