കെ സുധാകരന്‍-പിണറായി പോര്; കേരള രാഷ്ട്രീയം 'കണ്ണൂര്‍ രാഷ്ട്രീയ'മാവുമോ...?

Update: 2021-06-18 16:18 GMT

കണ്ണൂര്‍: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിക്കുകയും മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കുകയും ചെയ്തതിനു പിന്നാലെ കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ എംപി തിരഞ്ഞെടുക്കപ്പെടുകയും കൂടി ചെയ്തതോടെ കേരള രാഷ്ട്രീയം 'കണ്ണൂര്‍ രാഷ്ട്രീയ'മാവുമോയെന്ന ആശങ്ക വര്‍ധിപ്പിച്ച് വാക് പോര്. സുധാകരന്‍ ഒരു വാരികയില്‍ എഴുതിയ ബ്രണ്ണന്‍ കോളജ് കാലത്തെ അനുഭവങ്ങളില്‍ പിണറായി വിജയനെ ഒറ്റച്ചവിട്ടിനു വീഴ്ത്തിയെന്ന പരാമര്‍ശമാണ് ഇപ്പോള്‍ രാഷ്ട്രീയാന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നത്. നേരത്തേ തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്റെ പേര് പരിഗണനയില്‍ വന്നപ്പോള്‍ ഒത്ത എതിരാളിയാവുമോയെന്ന ചോദ്യത്തിന് നോക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതെല്ലാം വരുംകാലങ്ങളില്‍ കേരള രാഷ്ട്രീയത്തെ കലങ്ങിമറിയുന്ന കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ മുന്‍കാല അനുഭവങ്ങളിലേക്ക് കൊണ്ടെത്തിക്കുമോയെന്ന ആശങ്കയുയര്‍ത്തുന്നുണ്ട്.

    കെ സുധാകരനെതിരേ കോണ്‍ഗ്രസിലെ നേതാക്കള്‍, പ്രത്യേകിച്ച് കണ്ണൂരിലെ നേതാക്കള്‍ തന്നെ മുമ്പ് ഉന്നയിച്ച ആരോപണങ്ങളാണ് സിപിഎം ആക്രമണത്തിനുപയോഗിക്കുന്നത്. കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റ് പി രാമകൃഷ്ണന്‍, മമ്പറം ദിവാകരന്‍, എന്‍ രാമകൃഷ്ണന്‍ എന്നിവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉന്നയിച്ചതും സ്വന്തം പാര്‍ട്ടിയില്‍പെട്ടവരെ തന്നെ ആക്രമിച്ചതും ഗുണ്ടാ-മാഫിയ ബന്ധങ്ങളുമെല്ലാമാണ് തുറന്നുകാട്ടുന്നത്. ഒരുകാലത്ത് കണ്ണൂര്‍ രാഷ്ട്രീയത്തെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷ ഭൂമികയാക്കി മാറ്റിയപ്പോള്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സിപിഎം പക്ഷത്തും കെ സുധാകരന്‍ മറുപക്ഷത്തുമായിരുന്നു. ആക്രമണങ്ങള്‍ക്ക് അതേരീതിയില്‍ തിരിച്ചടിക്കുകയെന്ന ലക്ഷ്യത്തോടെ സുധാകരന്‍ മുന്നോട്ടുനീങ്ങിയപ്പോള്‍ കൂട്ടിന്, സിപിഎം പാളയത്തിലെ ശക്തരില്‍ ഒരാളായ എം വി രാഘവന്‍ എത്തിയത് കൂടുതല്‍ സങ്കീര്‍ണമാക്കി. രാഷ്ട്രീയ കൊലപാതകം, ബാങ്ക് ഭരണസമിതി പിടിച്ചെടുക്കല്‍, സഹകരണ സംഘങ്ങളില്‍ ആധിപത്യം നേടല്‍ തുടങ്ങിയവയായിരുന്നു അന്ന് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയത്. പലപ്പോഴും വാക്‌പോരുകള്‍ക്കപ്പുറത്ത് സംഘര്‍ഷഭരിതമായ നാളുകളാണ് ഇത് സമ്മാനിച്ചത്. കാലങ്ങള്‍ ഏറെ പിന്നിട്ടപ്പോള്‍ പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായും മുഖ്യമന്ത്രിയായി രണ്ടാതവണയും തുടരുമ്പോള്‍ കെ സുധാകരന്‍ വനംമന്ത്രി, പാര്‍ലമെന്റ് അംഗം എന്നീ നിലകളിലാണുള്ളത്. ഇടയ്ക്ക് കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലും ഉദുമയിലും തോല്‍വി ഏറ്റുവാങ്ങിയതോടെ സുധാകരന് പഴയ വീര്യം നഷ്ടപ്പെട്ടെങ്കിലും, ഭരണനഷ്ടത്തില്‍ നിന്നു തലയുയര്‍ത്തി നില്‍ക്കാന്‍ കെ സുധാകരനെ വിളിക്കണമെന്ന ആവശ്യം അണികളില്‍ നിന്നുയര്‍ന്നതോടെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തിയത്. ഏതായാലും പഴയകാല കണ്ണൂരിന്റെ കലാപ രാഷ്ട്രീയത്തിലേക്ക് കേരളത്തെയാകെ കൊണ്ടെത്തിക്കരുതെന്ന അഭ്യര്‍ത്ഥനയാണ് സമാധാനമോഹികള്‍ക്കുള്ളത്.


മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍:

'അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള സ്വപ്‌നം കാണലിന് ഞാന്‍ തടയേണ്ട ആളല്ലോ. സ്വപ്‌നാടനത്തിന്റെ ഭാഗം മാത്രമാണ്. അന്നത്തെ ഞാനും അക്കാലത്തെ കെ സുധാകരനും അത് അദ്ദേഹത്തിന് ഒരു സ്വപ്‌നം ഉണ്ടായിട്ടുണ്ടാലും. മോഹം ഉണ്ടായിട്ടുണ്ടാവും പിണറായി വിജയനെ ചവിട്ടിവീഴ്ത്തണമെന്ന്. പക്ഷേ യഥാര്‍ത്ഥത്തില്‍ സംഭവിച്ചാലല്ലേ യാഥാര്‍ഥ്യമാവൂ. അന്ന് വിദ്യാര്‍ഥിയായ സുധാകരനല്ലേ. ചിലപ്പോള്‍ എന്നെ കിട്ടിയാല്‍ ഒന്ന് തല്ലാമെന്നും വേണ്ടിവന്നാല്‍ ചവിട്ടിവീഴ്ത്താമെന്നും മോഹമുണ്ടാവും. അക്കാലത്ത് കെഎസ്എഫിന്റെ സംസ്ഥാന ഭാരവാഹിയാണ് ഞാന്‍. ക്ലാസ് ബഹിഷ്‌കരണം ആഹ്വാനം ചെയ്തിരുന്നു. ആ പരീക്ഷയെഴുതേണ്ട ആളാണ് ഞാന്‍. നേരത്തേ പരീക്ഷ ബഹിഷ്‌കരണമുണ്ടായപ്പോള്‍ ഒരു കെ എസ് യു നേതാവ്, ഇപ്പോള്‍ നേതാവാണ്, പരീക്ഷയെഴുതിയതിനെ ഞാന്‍ വമര്‍ശിച്ചിരുന്നു. ഞാന്‍ പരീക്ഷയെഴുതാതിരുന്നാല്‍ അസുഖമാണെന്ന് കരുതുമല്ലോ. ഞാന്‍ അവിടെ പോയി പരീക്ഷയെഴുതാതെ നിന്നു. കോളജ് വിട്ട് പരീക്ഷയെഴുതാന്‍ പോയതായിരുന്നതിനാല്‍ അകത്ത് പോവുന്നതിന് ചില പരിമിതികളുണ്ടാവുമല്ലോ. ആ സമയത്ത് സംഘര്‍ഷമുണ്ടായത്. അതില്‍ ഈ പറയുന്ന ആളുമുണ്ടായിരുന്നു. സുധാകരനെ അപ്പോള്‍ എനിക്കറിയില്ല. എല്ലാവരും ചെറുപ്പകാലമാണല്ലോ. കോളജ് വിട്ടുപോയ ആളെന്ന നിലയില്‍ സംഘര്‍ഷത്തിന്റെ ഭാഗമാവരുതെന്നാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. പക്ഷേ സംഗതി കൈവിട്ടുപോവുന്നു. അതിനിടെ, ഈ ചെറുപ്പക്കാരനു നേരെ പ്രത്യേക രീതിയിലുള്ള ചില ആക്ഷനെടുത്തു. രണ്ടുകൈയും കൂട്ടി ഇങ്ങനെ ഇടിക്കുകയാണ്. ഇടിയില്‍ വല്ലാത്ത ശബ്ദമുണ്ടായി. സ്വാഭാവികമായും അതിന്റെ പിന്നാലെ ചില വാക്കുകളും വരും. അപ്പോള്‍ ഇയാളുടെ നേതാവായ എ കെ ബാലന്‍ ഇടപെട്ടു. ഞങ്ങള്‍ സുഹൃത്തുക്കളാണ്. എന്നിട്ട് ഞാന്‍ പറഞ്ഞ വാക്ക് ഇപ്പോള്‍ പറയാമോ എന്നറിയില്ല. പിടിച്ചുകൊണ്ടുപോടാ ആരാ ഇവന്‍ എന്നാണു പറഞ്ഞെന്നും ബാക്കിയുള്ളതെല്ലാം അദ്ദേഹത്തിന്റെ മോഹമായിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കെ സുധാകരന്‍ എംപിയുടെ വാക്കുകള്‍:

'എസ്എഫ്‌ഐ പഠിപ്പു മുടക്ക് പ്രഖ്യാപിച്ച ദിവസമാണ് പിണറായി ബ്രണ്ണനിലെത്തിയത്. ആ സമരം പൊളിക്കാനായിരുന്നു കെഎസ്‌യുവിന്റെ പ്ലാന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ ക്ലാസിലിരുത്തി ക്ലാസെടുക്കുകയായിരുന്നു. ഈ സമയം എകെ ബാലന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു വന്നു. ഞാന്‍ രണ്ടാം നിലയിലെ കോണിപ്പടിയില്‍ നില്‍ക്കുകയായിരുന്നു. ബാലന്‍ ഉള്‍പ്പെടെ എല്ലാവരേയും കെഎസ്‌യുക്കാര്‍ തല്ലിയോടിച്ചു. പരീക്ഷ ഹാളിലായിരുന്ന പിണറായി വിജയന്‍ സഖാക്കളുടെ സഹായത്തിന് ഓടിയെത്തി. രണ്ടാം നിലയിലേക്ക് ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാ സിങ്ങോ എന്ന് ചോദിച്ചു. ഞാന്‍ കളരി പഠിക്കുന്ന സമയമായിരുന്നു അത്. കോണിപ്പടിക്ക് ഇരുവശവും ഉണ്ടായിരുന്നവര്‍ ആര്‍പ്പു വിളിച്ചു. ഒന്നും ആലോചിച്ചില്ല. ഒറ്റ ചവിട്ട്. പിന്നാലെ കെഎസ്‌യു പ്രവര്‍ത്തകര്‍ പിണറായി വിജയനെ വളഞ്ഞിട്ടു തല്ലി. പോലിസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു പോയത്.'' കാംപസില്‍ എപ്പോഴും കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ് എന്ന സഹപാഠിയെക്കുറിച്ചും സുധാകരന്‍ പറയുന്നുണ്ട്. 'ഒരിക്കല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഫ്രാന്‍സിസ് മര്‍ദ്ദിച്ചു. പിന്നാലെ പിണറായി വിജയന്റെ നേതൃത്വത്തില്‍ സമരം നടന്നു. ഇതിനിടെ പിണറായി ഫ്രാന്‍സിസിന്റെ അരയിലെ പിച്ചാത്തിയെക്കുറിച്ച് പറഞ്ഞതും ഊരിപ്പിടിച്ച കത്തിയുമായി ഫ്രാന്‍സിസ് സ്‌റ്റേജിലേക്ക് കയറി. ഒഴിഞ്ഞു മാറിയതുകൊണ്ടാണ് പിണറായി രക്ഷപ്പെട്ടത്. ഫ്രാന്‍സിസിന്റെ ആക്രമണത്തിനു പിന്നാലെ ഞാനും പ്രവര്‍ത്തകരും പിണറായിയെ തല്ലിയോടിച്ചു.''.




Tags:    

Similar News