കെ വി തോമസിന് കാരണംകാണിക്കല്‍ നോട്ടിസ്‌; ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം

വിലക്ക് ലംഘിച്ച കെ വി തോമസിനെതിരായ നടപടി ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേർന്ന എഐസിസി അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.

Update: 2022-04-11 11:18 GMT

ന്യൂഡല്‍ഹി: പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് കാരണംകാണിക്കല്‍ നോട്ടിസ്. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ നോട്ടിസ്.

വിലക്ക് ലംഘിച്ച കെ വി തോമസിനെതിരായ നടപടി ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേർന്ന എഐസിസി അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. കെ വി തോമസിന്റെ മറുപടി ലഭിച്ചശേഷം മറ്റു കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.

കെ വി തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റുകൊടുത്തയാളാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസുകാരനാണ് കെ വി തോമസെങ്കില്‍ പ്രവര്‍ത്തകരുടെ വികാരത്തെ ചവിട്ടിമെതിച്ചുകൊണ്ട് സിപിഎം വേദിയില്‍ പോയി പ്രസംഗിക്കാന്‍ അദ്ദേഹത്തിനാവില്ല.

സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണെന്ന് കെ.വി തോമസ് തെളിയിച്ചാല്‍ അദ്ദേഹത്തിനോട് ക്ഷമപറയാനും കുമ്പസരിക്കാനും ഞങ്ങള്‍ തയ്യാറാണ്. പാര്‍ട്ടിയോട് വിശ്വാസവഞ്ചന കാണിച്ച, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ഒരാളായി മാത്രമേ ഇപ്പോള്‍ ഞങ്ങള്‍ക്ക് കെ വി തോമസിനെ കാണാന്‍ കഴിയുകയുള്ളൂവെന്നും കെ സുധാകരന്‍ പറഞ്ഞു.

ശനിയാഴ്ച നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ വി തോമസ് പങ്കെടുത്തിരുന്നു. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്താല്‍ നടപടി ഉണ്ടാവുമെന്ന് കെപിസിസി നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുകയും മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പുകഴ്ത്തി പ്രസംഗിക്കുകയും ചെയ്തു. താനൊരു കോണ്‍ഗ്രസുകാരനാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ ആവര്‍ത്തിച്ചു.

വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് സെമിനാറിന് പിന്നാലെ കെ. സുധാകരന്‍ ഉന്നയിച്ചിരുന്നത്. കെ വി തോമസ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ്. കെ വി തോമസ് സിപിഎമ്മുമായി രാഷ്ട്രീയ കച്ചവടം നടത്തിയെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.

Similar News