ഒരു ദിവസം പ്രാര്‍ത്ഥിച്ചിട്ടും കാളി ദേവി പ്രത്യക്ഷപ്പെട്ടില്ല; പുരോഹിതന്‍ ആത്മഹത്യ ചെയ്തു

Update: 2024-12-11 14:09 GMT

വരാണസി: ഒരു ദിവസം പ്രാര്‍ത്ഥിച്ചിട്ടും കാളി ദേവി പ്രത്യക്ഷപ്പെടാത്തതില്‍ നിരാശനായി പുരോഹിതന്‍ ആത്മഹത്യ ചെയ്തു. ഗൈഘാട്ട് പതജ്ഞലിയിലെ ഹിന്ദു പുരോഹിതനായ അമിത് ശര്‍മ(45)യാണ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തത്. കടുത്ത കാളി ഭക്തനായ അമിത് ശര്‍മ ശനിയാഴ്ച്ച മുഴുവന്‍ മുറിയില്‍ ഒറ്റക്ക് പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. കാളി ദേവി തനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്ന് പറഞ്ഞാണ് ഇയാള്‍ പ്രാര്‍ത്ഥിക്കാന്‍ പോയിരുന്നത്.

''കാളിയമ്മേ ദര്‍ശനം തരൂ'' എന്ന വിളികള്‍ ഇടക്കിടെ പുറത്ത് കേള്‍ക്കുമായിരുന്നു. ഇത് സംഭവിക്കാതായപ്പോഴാണ് കഴുത്ത് മുറിച്ച് മരിച്ചതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഇഷാന്‍ സോനി പറഞ്ഞു. കഴുത്തുമുറിക്കുന്ന സമയത്ത് ഭാര്യ ജൂലി അടുക്കളയില്‍ പാചകപ്പണിയിലായിരുന്നു.

കഴിഞ്ഞ ഏഴു വര്‍ഷമായി ഈ വീട്ടില്‍ താമസിക്കുന്ന അമിത് ശര്‍മ സ്ഥിരമായി കാശി വിശ്വനാഥ ക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നു. കൂടാതെ വിനോദസഞ്ചാരികളെയും തീര്‍ത്ഥാടകരെയും അനുഗമിക്കുകയും ചെയ്യുമായിരുന്നു. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലിസ് അറിയിച്ചിട്ടുണ്ട്.

Similar News