'വിലക്ക് ലംഘിച്ചാല്‍ പാര്‍ട്ടിക്ക് പുറത്ത്';കെ വി തോമസിനു മുന്നറിയിപ്പുമായി കെ സുധാകരന്‍
കേരളത്തിലല്ല പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ നടന്നതെങ്കില്‍ തങ്ങള്‍ ഇത്രയും വാശി പിടിക്കില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു
ന്യൂഡല്‍ഹി:സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കെ വി തോമസിന് പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.വിലക്ക് ലംഘിച്ച് തോമസ് പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് വിശ്വാസമെന്നും സുധാകരന്‍ പറഞ്ഞു.
'പാര്‍ട്ടിക്കു പുറത്തെങ്കില്‍ പുറത്ത്' എന്ന് തീരുമാനിച്ചാല്‍ മാത്രമേ കെ വി തോമസിന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനാകൂ,തോമസിന് അങ്ങനെയൊരു മനസ്സ് ഇല്ലെന്നാണ് താന്‍ കരുതുന്നതെന്നും സുധാകരന്‍ പറഞ്ഞു.
'ഇന്ന് രാവിലെയും തോമസിനോട് സംസാരിച്ചിരുന്നു. സെമിനാറില്‍ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് കെ വി തോമസ് എന്നോട് പറഞ്ഞത്.തോമസ് പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിലെ നിലപാടല്ല കേരളത്തില്‍ സി പിഎമ്മിന്.സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോര വീണ മണ്ണില്‍ സിപിഎമ്മുമായി കൈ കൊടുക്കാന്‍ ആകില്ല' സുധാകരന്‍ പറഞ്ഞു.അതേസമയം കേരളത്തിലല്ല പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ നടന്നതെങ്കില്‍ തങ്ങള്‍ ഇത്രയും വാശി പിടിക്കില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
കെ വി തോമസ് കോണ്‍ഗ്രസ് വിരുദ്ധ നിലപാടെടുക്കില്ലെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി. കോണ്‍ഗ്രസുകാരുടെ ചോരവീണ മണ്ണില്‍ ചവിട്ടി സിപിഎം പരിപാടിയില്‍ നേതാക്കളെത്തില്ലെന്നും സതീശന്‍ പറഞ്ഞു.
അതേ സമയം ദേശീയ തലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല എന്ന നിലപാടാണ് കെ വി തോമസിന്റേത്. പാര്‍ട്ടി കോണ്‍ഗ്രസിലേക്കല്ല സെമിനാറിലേക്കാണ് വിളിച്ചതെന്നാണ് തോമസിന്റെ ന്യായം.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ തോമസിനെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെത്തിച്ചാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന് അത് തിരിച്ചടിയാകും.എഐസിസി വിലക്കുപോലും ലംഘിച്ച് കെ വി തോമസ് വന്നാല്‍ സംസ്ഥാനത്ത് രാഷ്ടീയമായി ഉപയോഗിക്കാനുമാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ കെ വി തോമസ് സിപിഎമ്മിലേക്കെന്ന അഭ്യൂഹം ശക്തമാണ്. ഈ പ്രചാരണത്തിന് കൂടുതല്‍ ശക്തി പകരാനും ഇതുവഴികഴിയും.