കളമശ്ശേരി സ്‌ഫോടന പരമ്പര: പ്രതി മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു; ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചും അന്വേഷണം
അതേസമയം, സ്‌ഫോടനത്തില്‍ മറ്റൊരാള്‍ക്കു കൂടി പങ്കുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
കൊച്ചി: മൂന്നുപേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ കളമശ്ശേരി സ്‌ഫോടന പരമ്പരയിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ കോടതി റിമാന്‍ഡ് ചെയ്തു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നവംബര്‍ 29 വരെയാണ് റിമാന്‍ഡ് ചെയ്തത്. പ്രതിക്കെതിരായ ആരോപണം ഗുരുതരമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കേസില്‍ സ്വയം വാദിക്കുമെന്നും സ്വന്തം ശബ്ദത്തില്‍ സംസാരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. ഇയാള്‍ക്കു വേണ്ടി ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നുളള അഭിഭാഷകര്‍ ഹാജരായിരുന്നെങ്കിലും വേണ്ടെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. മാര്‍ട്ടിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതിയുടെ തിരിച്ചറിയല്‍ പരേഡിനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, സ്‌ഫോടനത്തില്‍ മറ്റൊരാള്‍ക്കു കൂടി പങ്കുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
സ്‌ഫോടനത്തിനു ശേഷം സാമൂഹിക മാധ്യമത്തിലൂടെ കുറ്റം ഏറ്റെടുത്ത ഡൊമിനിക് മാര്‍ട്ടിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെ അത്താണിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ പ്രതിയെയും കൊണ്ട് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച ഐഇഡി നിര്‍മിക്കാന്‍ ഉപയോഗിച്ച ബാറ്ററി, വയര്‍ തുടങ്ങിയ നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തതായാണ് സൂചന. ആലുവ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. അതിനിടെ, അതേസമയം, ഡൊമിനിക് മാര്‍ട്ടിന്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട വിവരം മറ്റൊരാള്‍ക്ക് കൂടി അറിവ് ഉണ്ടായിരുന്നതായി പ്രതിയുടെ ഭാര്യയാണ് മൊഴി നല്‍കിയതെന്നാണ് വിവരം. ഭാര്യയുടെ മൊഴി തമ്മനത്തെ വീട്ടിലെത്തി വീണ്ടും പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനം നടത്തുന്നതിന്റെ തലേന്ന് ഡൊമനിക് മാര്‍ട്ടിന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നെന്നും ഇതിനു ശേഷം ഭര്‍ത്താവ് അസ്വസ്ഥനായെന്നുമാണ് ഭാര്യയുടെ മൊഴി. ആരാണെന്ന് വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ ക്ഷുഭിതനായെന്നും നാളെ ഒരു സ്ഥലത്ത് പോയ ശേഷം പറയാമെന്നു പറഞ്ഞതായും ഭാര്യ സൂചിപ്പിച്ചിട്ടുണ്ട്. ഡൊമിനിക്കിനെ ഫോണില്‍ വിളിച്ച ആള്‍ക്ക് സ്‌ഫോടനത്തെ കുറിച്ച് അറിവുണ്ടാവുമോയെന്ന അന്വേഷണത്തിലാണ് പോലിസ്. ഇതേക്കുറിച്ച് പോലിസ് വിശദമായി അന്വേഷിക്കുന്നുണ്ട്. എന്നാല്‍, താന്‍ ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് പ്രതി ആവര്‍ത്തിക്കുന്നത്. ഇക്കാര്യം പോലിസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.