കളമശ്ശേരി സ്‌ഫോടനം: കാസയുടെ പങ്ക് അന്വേഷിക്കണം; വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കൂട്ടുനിന്നവര്‍ക്കെതിരേയും നടപടിയെടുക്കണം-സോളിഡാരിറ്റി
വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കിയ കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ദേശീയ സെക്രട്ടറി അനില്‍ ആന്റണി, സന്ദീപ് വാര്യര്‍, ഹിന്ദു ഐക്യവേദി നേതാക്കളായ ആര്‍ വി ബാബു, ശശികല, വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കൂട്ടുനിന്ന മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങള്‍, സംഘപരിവാര്‍ അനുകൂല സംഘടനയായ കാസ, ഓണ്‍ലൈന്‍ ചാനലുകളായ ദ ന്യൂ ഇന്ത്യന്‍, മറുനാടന്‍ മലയാളി, കര്‍മ ന്യൂസ് തുടങ്ങി വ്യാജ പ്രചാരണം നടത്തി സാമുദായിക ധ്രുവീകരണം നടത്തിയ മുഴുവന്‍ ആളുകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍ കേരളാ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. എല്ലാ വിശദ വിവരങ്ങളും അടങ്ങിയ പരാതി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കും.
ദേശവ്യാപകമായി ഉയര്‍ന്നു വരുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യം സംഘപരിവാറിനെ എത്രത്തോളം അലോസരപ്പെടുത്തുന്നു എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു കളമേശ്ശരി സംഭവവുമായി ബന്ധപ്പെട്ട് നടന്ന വിദ്വേഷ പ്രചാരണം. ഭീകരവംശീയ ആശയങ്ങളായ സയണിസവും ഹിന്ദുത്വവും ഒരേ തൂവല്‍ പക്ഷികളാണെന്നും വംശീയ വ്യാജ പ്രചാരണങ്ങളിലൂടെ ഇസ്‌ലാമോഫോബിയ വളര്‍ത്തി സാമുദായിക സൗഹാര്‍ദത്തെ തകര്‍ക്കുന്ന ഇവ രണ്ടിനെയും ഒരേ പോലെ തുറന്നെതിര്‍ക്കണമെന്ന സോളിഡാരിറ്റിയുടെ കാംപയിന്‍ സന്ദേശത്തെ എല്ലാവരും ഏറ്റെടുക്കേണ്ട ആവശ്യകതയിലേക്കാണ് കളമശ്ശേരി സ്‌ഫോടനവും വ്യാജ പ്രചാരണങ്ങളും വിരല്‍ ചൂണ്ടുന്നതെന്നും സി ടി സുഹൈബ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, മലപ്പുറം ജില്ലാ പ്രസിഡന്റ് കെ പി അജ്മല്‍, സെക്രട്ടറി സാബിക് വെട്ടം സംബന്ധിച്ചു.