കല്ലുവാതുക്കല്‍ മദ്യ ദുരന്തം; മണിച്ചനെ മോചിപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍; അംഗീകാരം നല്‍കാതെ ഗവര്‍ണര്‍
ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കംതുടങ്ങിയത്.മണിച്ചനടക്കം വിവിധ കേസുകളില്‍പ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയില്‍മോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം.
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രന്‍ എന്ന മണിച്ചനെ ജയിലില്‍നിന്നു മോചിപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കംതുടങ്ങിയത്.മണിച്ചനടക്കം വിവിധ കേസുകളില്‍പ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയില്‍മോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം.
മന്ത്രിസഭാ ശുപാര്‍ശ അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവര്‍ക്ക് കൂട്ടമോചനം നല്‍കുന്നത്.
31 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് കാഴ്ചനഷ്ടമാകുകയും 500 പേര്‍ ചികിത്സതേടുകയുംചെയ്ത മദ്യദുരന്തക്കേസിലെ പ്രതിയായതിനാല്‍ രാജ്ഭവന്‍ മണിച്ചന്റെ ജയില്‍മോചനമെന്ന ആവശ്യത്തെ ഗൗരവമായാണ് കാണുന്നത്. മൂന്നാഴ്ചയായിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠന്‍ എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി കഴിഞ്ഞവര്‍ഷം വിട്ടയച്ചിരുന്നു.
കഴിഞ്ഞയാഴ്ച മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ മുദ്രവെച്ച കവറില്‍ സംസ്ഥാനസര്‍ക്കാര്‍ ചില വിവരങ്ങള്‍ കോടതിയില്‍ നല്‍കാന്‍ ശ്രമിച്ചു. മോചനക്കാര്യമായിരുന്നു ഇതില്‍ എന്നാണ് സൂചന. എന്നാല്‍, മുദ്രവെച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച കോടതി വിവരങ്ങള്‍ സത്യവാങ്മൂലമായി നല്‍കാന്‍ നിര്‍ദേശിച്ചു.
വ്യാജമദ്യദുരന്ത കേസില്‍ മണിച്ചന് 302ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ചനഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷംകലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്തല്‍, ചാരായവില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കായി മറ്റൊരു 43 വര്‍ഷവും വിധിച്ചിരുന്നു. ശിക്ഷ ഒരേകാലത്ത് അനുഭവിച്ചാല്‍ മതി. ജീവപര്യന്തം ജീവിതാവസാനംവരെയാണെന്നും വിചാരണചെയ്ത കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മറ്റുചില പ്രതികളുടെ ശിക്ഷയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും മണിച്ചന്റെ ശിക്ഷ ഇളവുചെയ്തിരുന്നില്ല.
പൂജപ്പുര സെന്‍ട്രന്‍ ജയിലിലായിരുന്ന മണിച്ചന്‍ ശാന്തപ്രകൃതക്കാരനായതിനാല്‍ നെട്ടുകാല്‍ത്തേരി തുറന്നജയിലിലേക്ക് മാറ്റി. ജയിലില്‍ മികച്ച കര്‍ഷകനായാണ് അറിയപ്പെടുന്നത്.
2000 ഒക്ടോബര്‍ 31നാണ് മദ്യദുരന്തമുണ്ടാകുന്നത്. വ്യാജമദ്യ നിര്‍മാണത്തിനായി മണിച്ചന്റെ വീട്ടില്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ കലര്‍ത്തി വിതരണംചെയ്യുകയായിരുന്നു. വിതരണക്കാരി ഹൈറുന്നീസ(താത്ത) തടവ് അനുഭവിക്കേ 2009ല്‍ മരിച്ചു. മണിച്ചന്റെ ഡയറിയില്‍നിന്ന് ചില സിപിഎം നേതാക്കള്‍ക്കും പോലിസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നു.