കനകമല കേസ്: കുറ്റക്കാര്‍ക്കെതിരായ ശിക്ഷാവിധി ഇന്ന്

രാവിലെ പതിനൊന്നിനാകും ശിക്ഷ പ്രഖ്യാപിക്കുക.

Update: 2019-11-27 02:21 GMT

കൊച്ചി: കനകമല കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പ്രഖ്യാപിക്കും. പ്രതികളുടെ ഐഎസ് ബന്ധം സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. അതേസമയം, പ്രതികള്‍ തീവ്രവാദ പ്രചരണം നടത്തിയെന്നും യുഎപിഎയുടെ വിവിധ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. രാവിലെ പതിനൊന്നിനാകും ശിക്ഷ പ്രഖ്യാപിക്കുക.

എട്ടു പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ആറുപേരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ആറാം പ്രതി കോഴിക്കോട് കുറ്റിയാടി സ്വദേശി എന്‍ കെ ജാസീമിനെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നു. ബാക്കിയുള്ള പ്രതികള്‍ക്ക് എതിരേയുള്ള യുഎപിഎ കുറ്റം നില നില്‍ക്കുമെന്ന് കോടതി പറഞ്ഞു. കണ്ണൂര്‍ സ്വദേശി മനസീദ്, തിരൂര്‍ സ്വദേശി സഫ്‌വാന്‍, തൃശൂര്‍ സ്വദേശി സാലിഹ്‌ മുഹമ്മദ്, കുറ്റിയാടി സ്വദേശികളായ റംഷാദ്, എന്‍ കെ ജാസീം മുഹമ്മദ് ഫയാസ് എന്നിവര്‍ക്കെതിരേ ആണ് കേസ്.

കേസില്‍ അറസ്റ്റിലായ എട്ടുപേര്‍ക്കെതിരേയും യുഎപിഎ ചുമത്തിയങ്കിലും ആറുപേര്‍ക്കെതിരേ മാത്രമേ കുറ്റം തെളിയിക്കാനായുള്ളൂ. കേസില്‍ ഒരാള്‍ അഫ്ഗാനിലേക്ക് കടന്നതായും അവിടെ കൊല്ലപ്പെട്ടു എന്നുമാണ് പോലിസ് ഭാഷ്യം. മുഹമ്മദ് ഫയാസാണ് മാപ്പു സാക്ഷിയായത്. 2017 മാര്‍ച്ചില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 2016 ഒക്‌ടോബറില്‍ ഇവര്‍ കനകമലയില്‍ യോഗം ചേര്‍ന്ന് ഐഎസുമായി ചേര്‍ന്ന് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയെന്നായിരുന്നു കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്.

Tags:    

Similar News