കണ്ടല ബാങ്കിലെ 101 കോടി രൂപയുടെ ക്രമക്കേട്: എന്‍ ഭാസുരാംഗനെ സിപിഐ പുറത്താക്കി
തിരുവനന്തപുരം: സിപിഐ നിയന്ത്രണത്തിലുള്ള കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേടുണ്ടായെന്ന സഹകരണവകുപ്പ് കണ്ടെത്തലിനു പിന്നാലെ ഭരണസമിതി മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. മില്‍മ തിരുവനന്തപുരം മേഖലാ യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ഇദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു നീക്കം ചെയ്തതതായി സിപിഐ ജില്ലാ സെക്രട്ടറി അറിയിച്ചു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അന്വേഷണം തുടങ്ങിയതോടെ സിപി ഐ സംസ്ഥാന നേതൃത്വം കടുത്ത നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇഡി ഉദ്യോഗസ്ഥര്‍ ഭാസുരാംഗന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാസുരാംഗന്‍ ഇഡി കസ്റ്റഡിയിലാണെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ മുതലാണ് ഭാസുരാംഗന്റെയും ബാങ്ക് സെക്രട്ടറിമാരുടെയും വീടുകളില്‍ ഉള്‍പ്പെടെ ഏഴിടത്ത് ഇഡി ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയത്. 101 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ബാങ്കിനുണ്ടായെന്ന സഹകരണ വകുപ്പിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ പരിശോധന.