കങ്കണ റണാവത്തിന്റെ ബംഗ്ലാവ് പൊളിച്ചു തുടങ്ങി; നടി ഹൈക്കോടതിയില്‍
മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ശിവസേന എംഎല്‍എ പ്രതാപ് സര്‍നായികും രംഗത്തെത്തിരുന്നു.
മുംബൈ: ബോളിവുഡ് നടി കങ്കണയുടെ മുംബൈയിലെ ബംഗ്ലാവ് ചേര്‍ന്നുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് തുടങ്ങി. 24 മണിക്കൂര്‍ സാവകാശം നല്‍കിയിട്ടും രേഖകള്‍ സമര്‍പ്പിക്കാത്തതിന് പിന്നാലെയാണ് കോര്‍പ്പറേഷന്റെ നടപടി. അതേസമയം, പൊളിക്കലിന് സ്റ്റേ ആവശ്യപ്പെട്ട് കങ്കണ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അതിനിടെ, മുംബൈയിലേക്ക് പുറപ്പെടാനായി കങ്കണ വിമാനത്താവളത്തിലെത്തി.
പാലി ഹില്ലിലെ ഓഫിസില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ ശേഷമാണ് മുംബൈ കോര്‍പ്പറേഷന്‍ ഓഫിസ് ഗേറ്റില്‍ ഇന്നലെ നോട്ടീസ് പതിപ്പിച്ചത്. അനുമതി വാങ്ങതെയുള്ള നിര്‍മ്മാണം നിര്‍ത്തിയില്ലെങ്കില്‍ പൊളിച്ച് കളയുമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന് പിന്നാലെ പതിവ് രീതിയില്‍ വിമര്‍ശനവുമായി കങ്കണയെത്തിയിരുന്നു. തന്റെ ഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമമാണെന്നും ഇന്നവര്‍ ബുള്‍ഡോസറുകളെത്തിച്ചില്ലെന്നും നടി ട്വീറ്റ് ചെയ്തിരുന്നു.
സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി മഹാരാഷ്ട്രാ സര്‍ക്കാരിനെയും മുംബൈ പൊലിസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു കങ്കണ. മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ശിവസേന എംഎല്‍എ പ്രതാപ് സര്‍നായികും രംഗത്തെത്തിരുന്നു. വാക്പോര് രൂക്ഷമായതോടെ ഭീഷണികള്‍ അവഗണിച്ച് സപ്തംബര്‍ ഒമ്പതിന് മുംബൈയില്‍ തിരിച്ചെത്തുമെന്ന് നടി കങ്കണ റണാവത്ത് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു. മുംബൈയിലേക്ക് തിരിച്ചുവരരുതെന്ന് പലരും ഭീഷണിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് സപ്തംബര്‍ ഒമ്പതിന് മുംബൈയിലേക്കു പോവാന്‍ ഞാന്‍ തീരുമാനിച്ചു. അവിടെ വിമാനമിറങ്ങുന്ന സമയം അറിയിക്കാം. ധൈര്യമുള്ളവര്‍ തടയാന്‍ വരട്ടേ- ഹിമാചല്‍ പ്രദേശിലെ മണാലിയിലെ വസതിയില്‍നിന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ കങ്കണ പറഞ്ഞു.
മുംബൈ നഗരം പാക് അധീന കശ്മീരിന് സമാനമായി തോന്നുവെന്നുവെന്ന കങ്കണയുടെ പ്രസ്താവനയോടെയാണ് ശിവസേനയുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത്. മഹാരാഷ്ട്രയിലെ ഭരണസഖ്യത്തെ കങ്കണ താലിബാനുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന നേതാക്കള്‍ കങ്കണയ്‌ക്കെതിരേ രംഗത്തുവന്നത്. തിന്നുന്ന പാത്രത്തില്‍ തുപ്പുകയാണവര്‍. അവരുടെ മനോനില ശരിയല്ല. മുംബൈയിലേക്കു വരുന്നതിനു പകരം അവര്‍ പാക് അധീന കശ്മീരിലേക്ക് പോയ്ക്കോട്ടെ.