ബംഗാളില്‍ ആക്രമണത്തിന് ആഹ്വാനം; കങ്കണയുടെ അക്കൗണ്ട് പൂട്ടിക്കെട്ടി ട്വിറ്റര്‍

'ഇത് ഭയാനകമാണ്.... ഗുണ്ടയെ കൊല്ലാന്‍ സൂപ്പര്‍ ഗുണ്ടയെയാണ് നമുക്കു വേണ്ടത്.... കെട്ടഴിച്ചുവിട്ട രാക്ഷസരൂപിയെ പോലെയാണ് ഈ സ്ത്രീ... ഇവരെ മെരുക്കാന്‍ രണ്ടായിരത്തിലേതു പോലെ ദയവായി താങ്കളുടെ വിരാടരൂപം പുറത്തെടുക്കൂ...' എന്നായിരുന്നു ബംഗാളില്‍ രാഷ്ട്രപതിഭരണം എന്ന ഹാഷ്ടാഗോടെ കങ്കണ ട്വീറ്റ് ചെയ്തത്.

Update: 2021-05-04 09:44 GMT

ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തു. ബംഗാളില്‍ അക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ട്വീറ്റിനു പിന്നാലെയാണ് നടപടി.

'ഇത് ഭയാനകമാണ്.... ഗുണ്ടയെ കൊല്ലാന്‍ സൂപ്പര്‍ ഗുണ്ടയെയാണ് നമുക്കു വേണ്ടത്.... കെട്ടഴിച്ചുവിട്ട രാക്ഷസരൂപിയെ പോലെയാണ് ഈ സ്ത്രീ... ഇവരെ മെരുക്കാന്‍ രണ്ടായിരത്തിലേതു പോലെ ദയവായി താങ്കളുടെ വിരാടരൂപം പുറത്തെടുക്കൂ...' എന്നായിരുന്നു ബംഗാളില്‍ രാഷ്ട്രപതിഭരണം എന്ന ഹാഷ്ടാഗോടെ കങ്കണ ട്വീറ്റ് ചെയ്തത്.

ഈ ട്വീറ്റില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കങ്കണയ്‌ക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി. കങ്കണയുടെ അക്കൗണ്ട് സ്ഥിരമായി പൂട്ടിയതാണെന്നു ട്വിറ്റര്‍ വക്താവ് വ്യക്തമാക്കി. ട്വിറ്ററിന്റെ നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതാണ് അക്കൗണ്ട് പൂട്ടാന്‍ കാരണമെന്നും വക്താവ് വിശദീകരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ബംഗാളില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി എംപി സ്വപന്‍ദാസ് ഗുപ്ത ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പ്രസ്തുത ട്വീറ്റ്. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ച വരികളാണ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയത്.

ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിനു പിന്നാലെ അഭിപ്രായപ്രകടനവുമായി ഇന്‍സ്റ്റഗ്രാമിലൂടെ കങ്കണ വീണ്ടുമെത്തി. 'ബംഗാളില്‍ നിന്നും ഏറെ അസ്വസ്ഥജനകമായ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലിബറലുകള്‍ ഇതേക്കുറിച്ച് നിശബ്ദത പാലിക്കുന്നു. അന്തര്‍ദേശീയ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കുന്നില്ല. ഇത് ഇന്ത്യയ്‌ക്കെതിരെയുള്ള ഗൂഢാലോചനയല്ലേ എന്ന് താന്‍ സംശയിക്കുന്നു. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കങ്കണ അഭിപ്രായപ്പെട്ടു.


Tags:    

Similar News