ഉദ്ധവ് താക്കറെയ്‌ക്കെതിരേ 'മോശം പരാമര്‍ശം'; കങ്കണ റണാവത്തിനെതിരേ കേസ്

അനധികൃത നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടം ഇടിച്ച് നിരത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി കങ്കണ മുന്നോട്ട് വന്നത്.

Update: 2020-09-10 13:10 GMT

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരേ രണ്ടു പേര്‍ പരാതി നല്‍കി. സപ്തംബര്‍ 19ന് കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ഉദ്ധവ് താക്കറയ്‌ക്കെതിരേ 'പ്രകോപനപരവും അവഹേളപരവുമായ വാക്കുകള്‍' ഉപയോഗിച്ചുവെന്നും ഇതിലൂടെ 'സ്വഭാവ ഹത്യ നടത്താനും അന്തസിനെ ഇടിച്ച് താഴ്ത്താനും' ശ്രമിച്ചെന്നും പരാതിക്കാരിലൊരാളായ അഭിഭാഷകന്‍ നിതിന്‍ മാനേ പറഞ്ഞു. ഇദ്ദേഹത്തിന്റെ പരാതിയില്‍ വിഖ്രോലി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അനധികൃത നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടം ഇടിച്ച് നിരത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി കങ്കണ മുന്നോട്ട് വന്നത്. കങ്കണയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പൊളിച്ചു നീക്കല്‍ നടപടികള്‍ക്ക് മുംബൈ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. തന്റെ വീട് പൊളിച്ചതിനെ രാമക്ഷേത്രം തകര്‍ത്തതുമായി ഉപമിച്ച് രംഗത്തെത്തിയ നടി, വീട് പൊളിച്ചതുപോലെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും തകരുമെന്ന് വ്യക്തമാക്കിയിരുന്നു.

മുംബൈയെ പാക് അധീന കശ്മീരുമായി ഉപമിച്ച് പ്രസ്താവന നടത്തിയതിന് പിന്നാലെ കങ്കണയ്ക്ക് എതിരെ ശിവസേന ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ അനധികൃത നിര്‍മാണമാണെന്ന് കാണിച്ച് കങ്കണയുടെ ബംഗ്ലാവിലുള്ള ഓഫിസ് കെട്ടിടം പൊളിച്ച് നീക്കിയത്.

Tags:    

Similar News