കണ്ണൂര്‍ എഡിഎം നവീന്‍ ബാബു തൂങ്ങിമരിച്ച നിലയില്‍; മരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ

പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബുവിന് ഇന്നലെ നല്‍കിയ യാത്രയയപ്പ് യോഗത്തിലാണ് പി പി ദിവ്യ ആരോപണം ഉന്നയിച്ചത്.

Update: 2024-10-15 05:02 GMT

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു തൂങ്ങിമരിച്ച നിലയില്‍. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെതെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം നവീന്‍ ബാബുവിനെതിരേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്നാണ് അനുമാനം.

പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബുവിന് ഇന്നലെ നല്‍കിയ യാത്രയയപ്പ് യോഗത്തിലാണ് പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ചെന്നാണ് യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ തന്നെ എത്തിയ പി പി ദിവ്യ ആരോപിച്ചത്. സ്ഥലം മാറ്റത്തിന് രണ്ടു ദിവസം മുമ്പ് അനുമതി നല്‍കിയെന്നും അത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയാമെന്നുമാണ് ദിവ്യ പറഞ്ഞത്. ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു പി പി ദിവ്യയുടെ ആരോപണം.

ഇന്ന് പത്തനംതിട്ടയില്‍ ജോലിക്ക് കയറേണ്ടിയിരുന്ന നവീന്‍ ബാബു ട്രെയിനില്‍ കയറിയില്ലെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് ദിവ്യക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഒരു പാവപ്പെട്ടവനെ കൊലക്ക് കൊടുത്തെന്നാണ് ആരോപണം.

ദിവ്യയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

''ഒരു തവണ ഞാന്‍ എഡിഎമ്മിനെ വിളിച്ചിട്ടുണ്ട്. ഒരു സംരംഭകന്റെ ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട്. സൈറ്റ് പോയി നോക്കണമെന്ന് പറഞ്ഞു. ആ സംരംഭകന്‍ ഒരു തീരുമാനവുമായില്ലല്ലോ എന്ന് പറഞ്ഞ് പല തവണ എന്നെ കാണാന്‍ വന്നു. കഴിഞ്ഞ ദിവസം എന്‍ഒസി കിട്ടിയെന്ന് പറഞ്ഞു. ഏതായാലും നന്നായി. ആ എന്‍ഒസി എങ്ങനെയാണ് കിട്ടിയതെന്ന് എനിക്ക് അറിയാം. ആ എന്‍ഒസി കൊടുത്തതില്‍ പ്രത്യേക നന്ദി പറയാനാണ് ഞാനീ പരിപാടിക്ക് എത്തിയത്. ജീവിതത്തില്‍ സത്യസന്ധത വേണം. കണ്ണൂരില്‍ നടത്തിയത് പോലെയായിരിക്കരുത് പുതിയ സ്ഥലത്ത്. മെച്ചപ്പെട്ട രീതിയില്‍ നിങ്ങള്‍ ആളുകളെ സഹായിക്കണം. ചുറ്റുമുള്ള ആളുകളെ പരിഗണിക്കണം. സര്‍ക്കാര്‍ സര്‍വ്വീസാണെന്ന് ഓര്‍ക്കണം. ഉപഹാരം സമര്‍പ്പിക്കുമ്പോള്‍ ഞാനിവിടെ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നു. അതിന് പ്രത്യേക കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ രണ്ട് ദിവസം കൊണ്ട് നിങ്ങളെല്ലാം അറിയും.''


Tags:    

Similar News