കണ്ണൂര്‍ വിമാനത്താവളത്തിന്റേത് കണ്ണഞ്ചിപ്പിക്കുന്ന വിജയമെന്ന് മുഖ്യമന്ത്രി

Update: 2019-12-09 09:36 GMT

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു വര്‍ഷം കൊണ്ടുണ്ടായ പ്രവര്‍ത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം വേണോ എന്ന് ചോദിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിജയം. കൂടുതല്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം നിരവധി തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ്. നിര്‍ഭാഗ്യവശാല്‍ അനുമതി ലഭിച്ചിട്ടില്ല. എന്നാല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് അതിവേഗം ലാഭകരമാവുമെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. കിയാലിന് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ശബരിമലയില്‍ വിമാനത്താവളം തുടങ്ങാന്‍ നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

    ഒന്നാം വാര്‍ഷികാഘോഷത്തിന്റ ഭാഗമായി അനാഥാലയത്തിലെ കുട്ടികള്‍ക്കായി ഒരുക്കിയ വിമാനയാത്രയുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇന്റര്‍ നാഷനല്‍ ടെര്‍മിനലിലെ പാസഞ്ചേഴ്‌സ് ലോഞ്ച്, വിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന യുദ്ധവിമാനം മിഗ് 27 അനാഛാദനം, സൗജന്യ വൈ ഫൈ, പാസഞ്ചേഴ്‌സ് ലോഞ്ചില്‍ ഒരുക്കിയ ആര്‍ട്ട് ഗാലറി തുടങ്ങിയവ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, കിയാല്‍ എംഡി വി തുളസീദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.






Tags:    

Similar News