കണ്ണൂര്‍ ചെറുപുഴയിലെ കൂട്ടമരണം; മൂന്ന് കുട്ടികളുടെയും ശരീരത്തില്‍ രാസവസ്തു കണ്ടെത്തിയെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
കണ്ണൂര്‍: ചെറുപുഴയ്ക്കു സമീപം പാടിയോട്ടുചാല്‍ വാച്ചാലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലിസ് വിശദമായ അന്വേഷണത്തിനൊരുങ്ങുന്നു. മൂളപ്ര വീട്ടില്‍ ഷാജി (42), ഭാര്യ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുജിന്‍ (8), സുരഭി (ആറ്) എന്നിവരാണ് മരിച്ചത്. ഷാജിയും ശ്രീജയും മുറിക്കകത്തെ ഒരേ ഫാനില്‍ തൂങ്ങി മരിച്ച നിലയിലും കുട്ടികളുടെ മൃതദേഹങ്ങള്‍ ഏണിപ്പടിയില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അതിനിടെ, മൂന്ന് കുട്ടികളുടേയും ശരീരത്തില്‍ രാസവസ്തു കണ്ടെത്തിയെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് ഉറക്ക ഗുളികയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ക്ക് ഉറക്ക ഗുളിക നല്‍കിയ ശേഷം ആയിരിക്കാം ഇവരെ കൊന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ വസ്തു വിഷമാണോ എന്നത് സംബന്ധിച്ച് അന്വേഷിക്കുന്നതിനു വേണ്ടി ആന്തരിക അവയവങ്ങളുടെ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ കൊന്ന് തങ്ങളും മരിക്കുകയാണെന്ന് ബുധനാഴ്ച രാവിലെ ആറിന് ശ്രീജ ചെറുപുഴ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് പറഞ്ഞിരുന്നു. പോലീസ് ഉടന്‍ നാട്ടുകാരെ വിവരമറിയിച്ച് പിന്നാലെ എത്തിയപ്പോഴേക്കും എല്ലാവരും മരണപ്പെട്ടിരുന്നു. മൂത്ത മകന്‍ സൂരജിന്റെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകള്‍ കണ്ടെത്തിയതായും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ശാസ്ത്രീയ പരിശോധനാ ടീം എന്നിവരും പരിശോധന നടത്തി.
കഴിഞ്ഞ ആഴ്ചയാണ് നിര്‍മ്മാണ തൊഴിലാളികളായ ഷാജിയും ശ്രീജയും വിവാഹിതരായത്. ഒന്നാം ഭര്‍ത്താവിന്റെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരായി കുട്ടികള്‍ക്കൊപ്പം കഴിയുകയായിരുന്നു. ഷാജിക്ക് ഭാര്യയും മക്കളുമുണ്ട്. ആദ്യ ഭര്‍ത്താവ് സുനില്‍ എതിര്‍പ്പുമായി ചെറുപുഴ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ചെറുപുഴ പോലിസില്‍ വിളിച്ചറിയിച്ച ശേഷം കൂട്ട ആത്മഹത്യയിലേക്ക് നീങ്ങിയത്. ചെറുപുഴ പോലിസ് നാട്ടുകാരുടെ സഹായത്തോടെയാണ് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്നത്.