മുസ്‌ലിംകള്‍ക്കെതിരായ വംശീയ പരാമര്‍ശം: ക്ഷമാപണവുമായി കാണ്‍പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍
അന്താരാഷ്ട്രീയ മാനവ് അധികാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഫസലിന് എഴുതിയ കത്തിലാണ് ഡോ. ആരതി ലാല്‍ചാന്ദ്നി മാപ്പു പറഞ്ഞത്.
കാണ്‍പൂര്‍: തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരേ കടുത്ത വംശീയപരാമര്‍ശം നടത്തിയ കാണ്‍പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആരതി ലാല്‍ചാന്ദ്നി ക്ഷമാപണവുമായി രംഗത്ത്. അന്താരാഷ്ട്രീയ മാനവ് അധികാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഫസലിന് എഴുതിയ കത്തിലാണ് ഡോ. ആരതി ലാല്‍ചാന്ദ്നി മാപ്പു പറഞ്ഞത്.
ഇന്ത്യയിയിലും ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ മുസ്‌ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതില്‍ ഖേദിക്കുന്നതായും ഇതിന് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നതായും അവര്‍ വ്യക്തമാക്കി.
നിങ്ങളെ എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു, ഇതുവരെ നിങ്ങളെ സേവിച്ചതു പോലെ ഇനിയുമത് തുടരും. ഏത് തരം സഹായത്തിനും ഏത് സ്ഥലത്തും എവിടെയും വച്ച് നിങ്ങള്‍ക്ക് തന്നെ ബന്ധപ്പെടാം. കഴിഞ്ഞ 38 വര്‍ഷമായി ചെയ്യുന്നതു പോലെ നിങ്ങളെ സേവിക്കുന്നത് തുടരും. ദയവായി ക്ഷമിക്കണമെന്നും ആവര്‍ത്തിക്കില്ലെന്നും അവര്‍ കത്തില്‍ വ്യക്തമാക്കി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്ക് ചികില്‍സ നല്‍കരുതെന്നും ഏകാന്ത തടവിലോ കാട്ടിലോ എറിയണമെന്നുമുള്ള പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഡോ. ആരതി ലാല്‍ചാന്ദ്നിക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് അവര്‍ ക്ഷമാപണവുമായി രംഗത്തെത്തിയത്.
തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ ഭീകരരാണെന്നും അവര്‍ക്ക് ചികില്‍സ നല്‍കി വിഭവങ്ങള്‍ പാഴാക്കുന്നതിനു പകരം ഏകാന്ത തടവിലിടാന്‍ ഉത്തരവിടണമെന്നും അവര്‍ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകന്‍ രഹസ്യമായി ചിത്രീകരിച്ച് പുറത്തുവിടുകയായിരുന്നു.
''തബ് ലീഗ് ജമാഅത്തുകാരെ ജയിലുകളില്‍ അടയ്ക്കുകയോ അല്ലെങ്കില്‍ കാട്ടിലെറിയുകയോ ചെയ്യണം. അവരെ ജയിലില്‍ ഏകാന്തതടവില്‍ പാര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. നിങ്ങള്‍ അവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പാര്‍പ്പിക്കുകയാണ്. ഞങ്ങള്‍ ഇത് പറയരുത്. അവര്‍ ഭീകരവാദികളാണ്. ഞങ്ങള്‍ അവര്‍ക്ക് വിഐപി ചികില്‍സ നല്‍കുന്നു, ഭക്ഷണം നല്‍കുന്നു... ഞങ്ങളുടെ വിഭവങ്ങള്‍ അവര്‍ക്കായി വിനിയോഗിക്കുകയാണ്. തബ് ലീഗ് ജമാഅത്തുകാര്‍ക്ക് നല്‍കി ആശുപത്രിയിലെ പിപിഇ കിറ്റുകള്‍ പാഴാക്കുകയാണ്. ജയിലില്‍ കഴിയേണ്ടവരാണവര്‍. അവരെ ചികില്‍സയ്ക്കായി ഇവിടെ കൊണ്ടുവരുന്നു. മറ്റുള്ളവരെ രോഗബാധിതരാക്കുന്നു. ഞങ്ങളുടെ അധ്വാനവും കിറ്റുകളും പാഴാക്കുകയാണ്''. തുടങ്ങിയ അത്യന്തം വംശീയമായ പരാമര്‍ശങ്ങളാണ് അവര്‍ നടത്തിയിരുന്നത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായും ജില്ലാ ഭരണകൂടം അന്വേഷിക്കണമെന്നും കാണ്‍പൂര്‍ മുന്‍ എംപിയും സിപിഎം നേതാവുമായ സുഭാഷിണി അലി ആവശ്യപ്പെട്ടിരുന്നു.