
കാണ്‍പൂര്‍: പാകിസ്താന് സൈനികരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. കാണ്‍പൂര്‍ ആയുധ ഫാക്ടറിയിലെ ജൂനിയര്‍ മാനേജരായ കുമാര്‍ വികാസാണ്(38)അറസ്റ്റിലായിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തെയും സുരക്ഷയേയും ബാധിക്കുന്ന കുറ്റമാണ് കുമാര്‍ വികാസ് ചെയ്തിരിക്കുന്നതെന്ന് യുപി പോലിസിന്റെ പ്രസ്താവന പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഇയാള്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
പാകിസ്താന് സൈനികരഹസ്യങ്ങള്‍ കൈമാറിയതിന് ഹസ്‌റത്ത്പൂരിലെ ആയുധഫാക്ടറിയിലെ ജീവനക്കാരനായ രവീന്ദ്ര കുമാര്‍ എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയുമാണ് ഇയാള്‍ പാക് ഏജന്റിന് വിവരങ്ങള്‍ നല്‍കിയിരുന്നത്. ഈ ഏജന്റുമായി കുമാര്‍ വികാസിനും ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ജനുവരി മുതലാണ് ഇയാള്‍ പാക് ഏജന്റുമായി ബന്ധം പുലര്‍ത്തിയത്. ആയുധ ഫാക്ടറിയുടെ ചിത്രങ്ങള്‍, ആയുധങ്ങളുടെ രേഖകള്‍, ബ്ലൂപ്രിന്റുകള്‍, യന്ത്രങ്ങളുടെ വിവരങ്ങള്‍, ഉല്‍പ്പാദന വിവരങ്ങള്‍ തുടങ്ങിയവ കൈമാറി. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിക്കല്‍, ഔദ്യോഗിക രഹസ്യ നിയമം തുടങ്ങിയ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.