ഗുഡ്ഗാവില്‍ ജുമുഅ നടക്കുന്ന സ്ഥലത്ത് നാളെ ഹിന്ദുത്വ പൂജ; വര്‍ഗീയത ആളിക്കത്തിക്കാന്‍ കപില്‍ മിശ്രയും നരസിംഹാനന്ദും

Update: 2021-11-04 15:54 GMT

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവില്‍ ജുമുഅ നമസ്‌കാരം നടന്നിരുന്ന സ്ഥലത്ത് പൂജ നടത്താനൊരുങ്ങി ഹിന്ദുത്വര്‍. ജുമുഅ നമസ്‌കാരം നടക്കുന്ന നാളെ രാവിലെ 11 മുതല്‍ ജുമുഅ നടക്കുന്ന സ്ഥലത്ത് പൂജ സംഘടിപ്പിക്കുമെന്ന് സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി അറിയിച്ചു. രണ്ട് മാസത്തോളമായി ഇവിടെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ജുമുഅ തടസ്സപ്പെടുത്തി സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്. യുപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഭവം ആളിക്കത്തിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ആയുധമാക്കുകയാണ് ഹിന്ദുത്വര്‍.

അതിന്റെ ഭാഗമായി നാളെ നടക്കുന്ന പൂജയിലേക്ക് ബിജെപി നേതാവ് കപില്‍ മിശ്രയേയും തീവ്ര ഹിന്ദുത്വ നേതാവായ യതി നരസിംഹാനന്ദയേയും ക്ഷണിച്ചിട്ടുണ്ട്. പൂജയില്‍ പങ്കെടുക്കുമെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേസസമയം, നരസിംഹാനന്ദ് പൂജയില്‍ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

സമ്മേളനത്തില്‍ ഏകദേശം 5,000 ആളുകള്‍ പങ്കെടുപ്പിക്കുമെന്ന് ഹിന്ദു സംഘര്‍ഷ് സമിതി നേതാക്കള്‍ അറിയിച്ചു. പൂജക്ക് ശേഷം പ്രസാദം വിതരണം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.

നേരത്തെ ഗുഡ്ഗാവില്‍ ജുമുഅ തടസ്സപ്പെടുത്തിയ സംഭവത്തില്‍ വിവിധ ഹിന്ദുത്വ സംഘടനകളിലെ 30 പേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഗുഡ്ഗാവ് അധികൃതര്‍ അനുവദിച്ച് നല്‍കിയ 37 ഇടങ്ങളിലാണ് വിശ്വാസികള്‍ നമസ്‌കരിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് വെള്ളിയാഴ്ച്ചകളില്‍ ഹിന്ദുത്വര്‍ നമസ്‌കാരം തടയാനെത്തിയിരുന്നു. ആക്രമിക്കാന്‍ വരുന്നവരുടെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.

പോലിസ് എത്തി അക്രമികളെ പിരിച്ചുവിടുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു. പ്രദേശത്ത് പോലിസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.

മുസ് ലിംകള്‍ സ്വകാര്യ സ്ഥലങ്ങളില്‍ നിസ്‌കരിക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച സ്വകാര്യ സ്ഥലങ്ങളില്‍ നമസ്‌കരിച്ചവര്‍ക്കെതിരേയും ഹിന്ദുത്വര്‍ ആക്രമണം നടത്തിയിരുന്നു. ബിജെപി പ്രാദേശിക നേതാവും അഭിഭാഷകനുമായ കുല്‍ഭൂഷണ്‍ ഭരദ്വാജ് ആണ് കഴിഞ്ഞ ആഴ്ച ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

സാമൂഹികവിരുദ്ധരും റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളും നമസ്‌കാരം കരുവാക്കുന്നുവെന്നാണ് സെക്ടര്‍ 47ലെ താമസക്കാരുടെ പരാതി. നമസ്‌കരിക്കുന്നതിനുവേണ്ടി പൊതുസ്ഥലം നല്‍കരുതെന്നും ആവശ്യപ്പെടുന്നു.

2018ല്‍ നമസ്‌കാരത്തെച്ചൊല്ലി ഹിന്ദുത്വര്‍ പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് പ്രത്യേക സ്ഥലം നീക്കിവയ്ക്കാന്‍ തീരുമാനിച്ചത്.

ബദല്‍ സ്ഥലം നല്‍കുകയോ വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയോ ചെയ്താല്‍ തങ്ങള്‍ ജുമുഅ അങ്ങോട്ട് മാറ്റാമെന്ന് മുസ് ലിം സമുദായ പ്രതിനിധികള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.

'നിയോഗിക്കപ്പെട്ട 37 സ്ഥലങ്ങളില്‍ നമസ്‌കാരം നടത്തുന്ന ആളുകള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്ന് പോലിസ് അറിയിച്ചു. അതേസമയം, നവംബര്‍ 3 ബുധനാഴ്ചയോടെ ഗുഡ്ഗാവ് ഭരണകൂടം ആദ്യം അനുവദിച്ച 37 സൈറ്റുകളില്‍ എട്ടെണ്ണത്തില്‍ നമസ്‌കരിക്കാനുള്ള അനുമതി പിന്‍വലിച്ചു. പ്രദേശവാസികളുടെയും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ഗുഡ്ഗാവിലെ ജുമുഅ നമസ്‌കാരത്തിന്റെ പേരില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന ഹിന്ദുത്വര്‍ക്കെതിരേ പ്രദേശവാസികള്‍ തന്നെ രംഗത്തെത്തി. ഗുഡ് ഗാവ് സാംസ്‌കാരികമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണെന്നും ജനങ്ങള്‍ ഏറെ സൗഹാര്‍ദത്തോടെയാണ് ജീവിക്കുന്നതെന്നും ഗുഡ് ഗാവ് നഗ്രിക് ഏകതാ മഞ്ച് അംഗം അഹമ്മദ് പറഞ്ഞു. വര്‍ഗീയ ലക്ഷ്യത്തോടെ അക്രമത്തിന്റെ പാത പിന്തുടരുന്ന വിദ്വേഷ പ്രചാരകര്‍ക്ക് നമ്മുടെ നഗരത്തിന്റെ വിധി നിര്‍ണയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് ആര്‍ട്ടിക്കിള്‍ 25 അനുസരിച്ച് ഒരാളുടെ മതം ആചരിക്കാനുള്ള ഭരണഘടനാപരമായ അഴകാശത്തിന്റെ പ്രശ്‌നമാണ്. മുസ് ലിംകളുടെ പ്രാര്‍ത്ഥന തടയുന്നത് അംഗീകരിക്കാനാവില്ലെന്ന് 'ഗുഡ്ഗാവ് കി ആവാസ്' കമ്മ്യൂനിറ്റി റേഡിയോയുടെ ഡയറക്ടറും മഞ്ച് അംഗവുമായ ആരതി ജയ്മാന്‍ പറഞ്ഞു. മൈതാനിയില്‍ 10 ദിവസം ജഗന്നാഥ പൂജകള്‍ നടത്താന്‍ എനിക്ക് അനുവദാമുണ്ടെങ്കില്‍ ആഴ്ച്ചയില്‍ കുറച്ച് സമയം മുസ് ലിംകള്‍ പ്രാര്‍ത്ഥന നടത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് എന്തിനാണെന്നും ആരതി ചോദിച്ചു.

Tags:    

Similar News