സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ ഈ മാസം 20ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വാദം കേള്‍ക്കും
2020 ഒക്‌ടോബര്‍ 5ന്, ഒരു ദലിത് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഹത്രാസിലേക്ക് പോവുന്നതിനിടെ കാപ്പനെ ഉത്തര്‍പ്രദേശ് പോലിസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് രാജ്യദ്രോഹമുള്‍പ്പെടെയുള്ള കള്ളക്കേസുകള്‍ ചുമത്തി തുറങ്കിലടയ്ക്കുകയുമായിരുന്നു.
ലഖ്‌നൗ: കള്ളക്കേസ് ചുമത്തി ഉത്തര്‍പ്രദേശ് പോലിസ് തുറങ്കിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഈ മാസം 20ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വാദം കേള്‍ക്കും.
2020 ഒക്‌ടോബര്‍ 5ന്, ഒരു ദലിത് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഹത്രാസിലേക്ക് പോവുന്നതിനിടെ കാപ്പനെ ഉത്തര്‍പ്രദേശ് പോലിസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് രാജ്യദ്രോഹമുള്‍പ്പെടെയുള്ള കള്ളക്കേസുകള്‍ ചുമത്തി തുറങ്കിലടയ്ക്കുകയുമായിരുന്നു.
മഥുര ജില്ലയിലെ മാന്ത് പോലിസ് സ്‌റ്റേഷനിലാണ് കാപ്പനെതിരേ ആദ്യം കേസെടുത്തത്.
രാജ്യദ്രോഹം, മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി സെക്ഷന്‍ 124എ, 153എ, 295എ, 120 ബി വകുപ്പുകളും പിന്നീട് 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്റെ (യുഎപിഎ) 17, 18 വകുപ്പുകളും ചുമത്തുകയായിരുന്നു. അന്നുമുതല്‍ കാപ്പന്‍ ജയിലില്‍ കഴിയുകയാണ്.
42 കാരനായ മാധ്യമപ്രവര്‍ത്തകന്‍ അഴിമുഖം എന്ന ന്യൂസ് പോര്‍ട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരുടെ സംഘടനയായ കേരള യൂനിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റുകളുടെ (കെയുഡബ്ല്യുജെ) ഡല്‍ഹി ചാപ്റ്ററിന്റെ സെക്രട്ടറി കൂടിയാണ് അദ്ദേഹം. 2018 മുതല്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിലും കാപ്പന്‍ അംഗമാണ്.
2021 ഫെബ്രുവരിയില്‍, കിടപ്പിലായതും രോഗിയുമായ 90 വയസ്സുള്ള മാതാവ് ഖദീജക്കുട്ടിയെ സന്ദര്‍ശിക്കാന്‍ കാപ്പന് സുപ്രീം കോടതി അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. 2021 ജൂണില്‍ ഖദീജക്കുട്ടി അന്തരിച്ചിരുന്നു.
2021 ജൂലൈ 6ന്, സെഷന്‍സ് കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിക്കുകയും തുടര്‍ന്ന്, എടിഎസ് നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട കേസുകള്‍ ലഖ്‌നൗവിലെ സെഷന്‍സ് കോടതിയില്‍ രൂപീകരിച്ച പ്രത്യേക കോടതിയിലേക്ക് മാറ്റുകയും ചെയ്തു. 2019 ഒക്‌ടോബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ 2022 ഫെബ്രുവരി 21ന് ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍ അംഗീകരിച്ചിരുന്നു. ഭാര്യ റെയ്ഹാനത്ത് കാപ്പന്‍ മുഖേനയാണ് കാപ്പന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.