ഹിജാബ് നിരോധനം; കർണാടക ബോർഡ് പരീക്ഷകൾ ആരംഭിച്ചു, 20,994 വിദ്യാർഥികൾ ഹാജരായില്ല
ഹാജരാകാത്ത മൊത്തം മുസ് ലിം വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ഇനിയും സമാഹരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മീഷണർ വിശാൽ ആർ
ബംഗളൂരു: ഹിജാബ് വിവാദത്തിനിടെ കർണാടകയിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ തിങ്കളാഴ്ച ആരംഭിച്ചു. 20,994 വിദ്യാർഥികളാണ് തിങ്കളാഴ്ച്ച പരീക്ഷയ്ക്ക് ഹാജരാകാതിരുന്നത്. ഇന്ത്യൻ എക്സപ്രസ് ആണ് വാർത്ത റിപോർട്ട് ചെയ്തിരിക്കുന്നത്.
ഒന്നാം ദിവസം, ഒന്നാം ഭാഷയ്ക്കുള്ള (പ്രധാനമായും കന്നഡ) പരീക്ഷ നടന്നു, സംസ്ഥാനത്തുടനീളമുള്ള 3,444 കേന്ദ്രങ്ങളിലായി 8,48,405 വിദ്യാർഥികൾ പരീക്ഷ എഴുതി. 97.59 ശതമാനം വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോഴും 8,69,399 വിദ്യാർഥികളിൽ 20,994 പേർ ഹാജരായില്ല.
കഴിഞ്ഞ അധ്യയന വർഷം 8,19,398 വിദ്യാർഥികൾ പത്താം ക്ലാസ് ബോർഡ് പരീക്ഷയ്‌ക്ക് എൻറോൾ ചെയ്‌തപ്പോൾ, ആദ്യ പരീക്ഷാ ദിവസം ഹാജരാകാത്തവരുടെ എണ്ണം 3,769 ആയിരുന്നു.
ഈ വർഷത്തെ കണക്കുകൾ കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് ഡയറക്ടർ (പരീക്ഷ) എച്ച് എൻ ഗോപാൽകൃഷ്ണ പറഞ്ഞു. ഇത്തവണ ഹാജരാകാത്തതിന്റെ കാരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിയന്ത്രണമോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ കാരണം എത്ര വിദ്യാർഥികൾ ഹാജരാകാത്തതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹാജരാകാത്ത മൊത്തം മുസ് ലിം വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ഇനിയും സമാഹരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മീഷണർ വിശാൽ ആർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് ഹിജാബ് അല്ലെങ്കിൽ മറ്റേതെങ്കിലും മതപരമായ വസ്ത്രം ധരിച്ച വിദ്യാർഥികളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ലെന്ന് സർക്കാർ തീരുമാനിച്ചതായി പരീക്ഷയുടെ തലേന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞിരുന്നു. "അവർക്ക് ഹിജാബ് ധരിച്ച് കാംപസിലേക്ക് വരാം, പക്ഷേ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് അത് നീക്കം ചെയ്യണം," അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പരീക്ഷകൾ ഏറെക്കുറെ സുഗമമായി നടന്നപ്പോൾ, ഹിജാബ് വിഷയത്തിൽ വിദ്യാർഥികൾ അത് ബഹിഷ്കരിച്ച സംഭവങ്ങളുണ്ടായി. ബാഗൽകോട്ട് ജില്ലയിലെ ഇൽക്കലിൽ, ഹിജാബ് അഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഒരു വിദ്യാർഥിനി പരീക്ഷ എഴുതാൻ അനുവദിച്ചില്ല. മറ്റൊരു സംഭവത്തിൽ, ഹിജാബും ബുർഖയും ധരിച്ച് എത്തിയ വിദ്യാർഥിനിക്ക് ഹുബ്ബള്ളിയിലെ സ്‌കൂളിൽ പ്രവേശനം നിഷേധിച്ചു.