കര്‍ണാടക: 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് തുടങ്ങി; യെദ്യൂരപ്പയ്ക്ക് നിര്‍ണായകം

നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് ബി എസ് യെദ്യൂരപ്പയ്ക്കുള്ളത്. കേവലഭൂരിപക്ഷത്തിന് 105 സീറ്റുകളാണ് വേണ്ടത്.

Update: 2019-12-05 02:55 GMT

ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തുടങ്ങി. സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയെ അധികാരത്തിലെത്താന്‍ നടന്ന നാടകീയ നീക്കങ്ങള്‍ കര്‍ണാടക രാഷ്ട്രീയത്തെ കലക്കിമറിച്ചിരുന്നു. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. ആകെ 37.78 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്. അതേസമയം, അധികാരത്തില്‍ തുടരണമെങ്കില്‍ ആറ് സീറ്റുകളെങ്കിലും മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വേണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ യെദ്യൂരപ്പയ്ക്ക് അധികാരം നഷ്ടപ്പെടും. സഖ്യസര്‍ക്കാര്‍ വീണശേഷം ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം തകര്‍ന്നിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും വെവ്വേറെയാണ് മല്‍സരിക്കുന്നത്.

    നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് ബി എസ് യെദ്യൂരപ്പയ്ക്കുള്ളത്. കേവലഭൂരിപക്ഷത്തിന് 105 സീറ്റുകളാണ് വേണ്ടത്. ആകെ 224 അംഗങ്ങളാണ് കര്‍ണാടക വിധാന്‍ സഭയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും 17 എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യ സര്‍ക്കാര്‍ തകര്‍ന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയുടെ കുതിരക്കച്ചവടത്തിനു നേതൃത്വം നല്‍കിയത്.     അതിനിടെ, കാലുവാരിയ 17 എംഎല്‍എമാരെ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കി. മസ് കി, ആര്‍ആര്‍ നഗര്‍ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനെതിരേ നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ ഇവിടങ്ങളിലൊഴിച്ച് 15 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അത്താനി, ചിക്ബല്ലാപൂര്‍, ഗോകക്, ഹിരെകേരൂര്‍, ഹോസകോട്ടെ, ഹുനസുരു, കാഗ് വാഡ്, കെ ആര്‍ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂര്‍, ശിവജിനഗര്‍, വിജയനഗര, യെല്ലാപൂര്‍, യശ്വന്ത്പൂര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മറുകണ്ടം ചാടിയതിനാല്‍ അയോഗ്യരാക്കപ്പെട്ട 17 പേരില്‍ 13 പേര്‍ക്കും ബിജെപി അതേ മണ്ഡലങ്ങളില്‍ സീറ്റ് നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി കോണ്‍ഗ്രസിനും ജെഡിഎസ്സിനും ഒപ്പം നില്‍ക്കുന്നവരാണ് ഇരുവരും. ഉപതിരഞ്ഞെടുപ്പിനു ശേഷം, നിയമസഭയിലെ അംഗബലം 222 ആയി ഉയരുന്നതോടെ കേവലഭൂരിപക്ഷം 112 ആവും. നിലവില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 100 സീറ്റുകളുണ്ട്. ബിഎസ്പി എംഎല്‍എയുടെ പിന്തുണയും കൂടിയായാല്‍ 101 ആയി. ഒരു സ്വതന്ത്രനടക്കം ബിജെപിക്ക് 106 പേരുടെ പിന്തുണയാണുുള്ളത്. ഏതായാലും കര്‍ണാടകയുടെ രാഷ്ട്രീയത്തില്‍ മറ്റൊരു നിര്‍ണായക ദിനം കൂടിയാണ് ഇന്ന് എന്നതില്‍ തര്‍ക്കമില്ല.




Tags:    

Similar News