ബാബരി മസ്ജിദ് പോസ്റ്റര്‍: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടിക്ക് കര്‍ണാടക സര്‍ക്കാരിന്റെ അനുമതി

Update: 2021-09-10 14:03 GMT

മംഗളൂരു: ബാബരി മസ്ജിദ് പോസ്റ്ററിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ബിജെപി നിയന്ത്രണത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കി. ബാബരി മസ്ജിദ് വിഷയത്തില്‍ നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് മംഗളൂരുവില്‍ പള്ളികള്‍ക്ക് പുറത്ത് പോസ്റ്ററുകള്‍ പതിച്ചതിനാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിറക്കി കര്‍ണാടക ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസിനു നിര്‍ദേശം നല്‍കിയത്. 'നമുക്ക് മറക്കാതിരിക്കുക,', '1992 ഡിസംബര്‍ 6 ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം. '2019 നവംബര്‍ 9 നീതി നിഷേധിക്കപ്പെട്ടു', 'ഓര്‍മയാണ് ആദ്യത്തെ പ്രതിരോധം' എന്നീ വാചകങ്ങളടങ്ങിയ പോസ്റ്റര്‍ പതിച്ചതിനെതിരേയാണ് നടപടി. സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നൗഷാദ്, മുഹമ്മദ് ഇഖ്ബാല്‍, റസാഖ്, സഫീഉല്ല, റഫീഖ്, മുഹമ്മദ് ഹനീഫ്, മുസ്തഫ എന്നിവര്‍ക്കെതിരേയാണ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രസ്തുത പോസ്റ്ററുകള്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് പരാതി. ഐപിസിയിലെ വിവിധ വകുപ്പുകളും കര്‍ണാടക ഓപ്പണ്‍ പ്ലേസ് നിയമവും പ്രകാരമാണ് കേസെടുത്തത്.

    ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ നടത്തുന്ന ട്രസ്റ്റിന് കൈമാറണമെന്ന 2019 നവംബറിലെ സുപ്രിം കോടതി വിധിയെ പരാമര്‍ശിക്കുന്നതാണ് പോസ്റ്റര്‍. ബാബരി മസ്ജിദ് നശിപ്പിച്ചത് നിയമവാഴ്ചയ്ക്ക് എതിരാണെന്ന് സുപ്രിം കോടതി സമ്മതിച്ചിട്ടും രാമക്ഷേത്രം നിര്‍മാണത്തിനായി ഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറുകയായിരുന്നു സുപ്രിംകോടതി വിധി. മാത്രമല്ല, ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി, മുന്‍ കേന്ദ്ര മന്ത്രിമാരായ മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് ഉള്‍പ്പെടെ 32 പ്രതികളെയും പ്രത്യേക സിബിഐ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആഗസ്ത് അഞ്ചിന് അയോധ്യയില്‍ പ്രധാനമന്ത്രി മോദി രാമക്ഷേത്രത്തിന് തറക്കല്ലിടുകയും ചെയ്തിരുന്നു.

Karnataka Govt Sanctions Legal Action Against PFI Activists Over Babri Masjid Poster

Tags:    

Similar News