കാവി വസ്ത്രമണിഞ്ഞ് കര്‍ണാടക പോലിസ്; രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ

Update: 2021-10-18 17:51 GMT

ബംഗളൂരു: ദസറ ദിനത്തില്‍ കാവി വസ്ത്രം ധരിച്ച് കര്‍ണാടകയിലെ പോലിസുകാര്‍. വിജയപുര റൂറല്‍, ഉഡുപ്പിയിലെ കപു പോലിസ് സ്‌റ്റേഷനുകളിലെ പോലിസുകാരാണ് കാവി വസ്ത്രം ധരിച്ച് എത്തിയത്.

പോലിസുകാര്‍ കാവി ധരിച്ചുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എത്തി. കര്‍ണാടകയില്‍ 'ജംഗിള്‍ രാജ്' നടപ്പാക്കാനാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ശ്രമിക്കുന്നതെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. എന്തിനാണ് വസ്ത്രം മാത്രമായി മാറ്റുന്നത്, പോലിസുകാര്‍ക്ക് ത്രിശൂലം നല്‍കി കലാപത്തിന് പ്രേരിപ്പിക്കണമെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ വിമര്‍ശനം ഉന്നയിച്ചു.

കര്‍ണാടകയിലെ യുവതീ യുവാക്കള്‍ മോറല്‍ പോലിസിങ്ങിന്റെ ഭാഗമായി ആക്രമണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വ സംഘടനകള്‍ പരസ്യമായി ത്രിശൂലം വിതരണം ചെയ്ത് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് എല്ലാ ആക്രമണങ്ങളും അരങ്ങേറുന്നത്. സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ബസവരാജ ബൊമ്മെ രാജിവയ്ക്കണമെന്നും ജനാധിപത്യ സംവിധാനം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News