കാര്‍ഡ്‌ബോര്‍ഡ് പെട്ടി ധരിച്ച് പരീക്ഷയെഴുതല്‍; കോപ്പിയടി തടയാന്‍ വിചിത്ര മാതൃക

Update: 2019-10-19 10:38 GMT

ബെംഗളൂരു: തലയില്‍ കാര്‍ഡ് ബോര്‍ഡ് കൊണ്ടുള്ള പെട്ടി ധരിച്ച് പരീക്ഷയെഴുതുക-കോപ്പിയടി തടയാന്‍ കര്‍ണാടകയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനം പരീക്ഷിച്ച വിചിത്ര മാതൃക'യാണിത്. ബെംഗളൂരുവില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയുള്ള ഹവേരിയിലെ ഭഗത് പ്രീയൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥികളാണ് ഇത്തരമൊരു പ്രാചീന പരീക്ഷണത്തിനു വിധേയരായത്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെല്ലാം തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി ധരിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ലാസ് മുറിയിലെ ബെഞ്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി ധരിച്ച് പരീക്ഷയെഴുതുന്നതാണ് ചിത്രത്തിലുള്ളത്. പാദവാര്‍ഷിക പരീക്ഷയുടെ ഭാഗമായുള്ള പരീക്ഷയിലാണ് വിചിത്ര നടപടി. വിദ്യാര്‍ഥികളെ നിരീക്ഷിക്കുന്ന ഇന്‍വിജിലേറ്ററെയും ചിത്രത്തില്‍ കാണാം. കോപ്പിയടി തടയാന്‍ ഇതുവഴി കഴിയുമോയെന്നു ചോദിച്ച് സ്ഥാപനത്തിനെതിരേ വന്‍ വിമര്‍ശനമാണുയര്‍ന്നിട്ടുള്ളത്. സംഭവം അംഗീകരിക്കാനാവില്ലെന്നും വിദ്യാര്‍ഥികളോട് മൃഗങ്ങളോടെന്ന പോലെ പെരുമാറാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഉചിതമായ നടപടിയെടുക്കുമെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം വിദ്യാര്‍ഥികളെ പരിഹസിക്കുന്നതും അപമാനിക്കുന്നതുമാണെന്നും കോപ്പിയടി ഒരു പ്രശ്‌നമാണെങ്കിലും പരിഹരിക്കാനുള്ള മാര്‍ഗം ഇതല്ലെന്നും നടപ്പാക്കിയവര്‍ക്കെതിരേ നടപടിയെടുക്കണനെന്നും മന്ത്രിയുടെ ട്വീറ്റിനു മറുപടിയായി ചിലര്‍ ആവശ്യപ്പെട്ടു.

    


എന്നാല്‍, ബിഹാറിലെ ഒരു കോളജ് പരീക്ഷാ വേളയിലെ തട്ടിപ്പുകള്‍ തടയാന്‍ സമാനരീതി ഉപയോഗിച്ചതായും സാമൂഹികമാധ്യമങ്ങളില്‍ ഇതിനു നല്ല അംഗീകാരം ലഭിച്ചിരുന്നുവെന്നുമാണ് കോളജ് മേധാവി എംബി സതീഷ് മാധ്യമങ്ങളോട് പറഞ്ഞത്. 'വിദ്യാര്‍ഥികളുടെ നന്മയ്ക്കു വേണ്ടിയാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത്. പെട്ടികുകളുടെ മുന്‍ഭാഗം തുറന്നിരുന്നു. ഇത് ഞങ്ങളുടെ പുതിയ പരീക്ഷണമായിരുന്നു. അനുകൂലമായും പ്രതികൂലമായും നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 16ന് നടന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ സീനിയര്‍ ഓഫിസര്‍ എന്‍ഡിടിവിയോട് പറഞ്ഞു. പരീക്ഷ നടക്കുമ്പോള്‍ ഞാന്‍ കോളജ് സന്ദര്‍ശിച്ചിരുന്നു. കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ നീക്കം ചെയ്യുകയും കോളജ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കുകയും അന്വേഷിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അതേസമയം, കോളജ് മാനേജ്‌മെന്റിന്റെ നിര്‍ദേശങ്ങള്‍ പാലിക്കരുതെന്ന് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടതായി എസ്‌ഐ പീര്‍സാദ എസ്‌ഐ പറഞ്ഞു.


Tags:    

Similar News