വിസ അഴിമതിക്കേസ്; കാര്‍ത്തി ചിദംബരത്തിന്റെ വിശ്വസ്തന്‍ അറസ്റ്റില്‍
വിസ ശരിയാക്കി കൊടുക്കാന്‍ 250 ചൈനീസ് പൗരന്‍മാരില്‍ നിന്ന് 50 ലക്ഷം രൂപ കോഴ വാങ്ങിയെന്നതാണ് കേസ്
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരത്തിന്റെ വിശ്വസ്തന്‍ അറസ്റ്റില്‍.കാര്‍ത്തി ചിദംബരത്തിന്റെ സഹായിയും, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ഭാസ്‌കര്‍ രാമനെയാണ് കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത്. വിസ ശരിയാക്കി കൊടുക്കാന്‍ 250 ചൈനീസ് പൗരന്‍മാരില്‍ നിന്ന് 50 ലക്ഷം രൂപ കോഴ വാങ്ങിയെന്നതാണ് കേസ്. ഭാസ്‌കര്‍ വഴിയാണ് പണമിടപാട് നടന്നതെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
കേസിലെ ഒന്നാം പ്രതിയാണ് ഭാസ്‌കര്‍.ഇന്നലെ രാത്രി കസറ്റിഡിയിലെടുത്ത ഭാസ്‌കര്‍ രാമനെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കാര്‍ത്തി ചിദംബരമാണ് കേസിലെ രണ്ടാം പ്രതി.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ പി ചിദംബരം, കാര്‍ത്തി എന്നിവരുടെ വസതികള്‍ അടക്കം പത്തോളം സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, ഒഡീഷ, കര്‍ണാടക, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.റെയ്ഡില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.എന്നാല്‍ സിബിഐ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നും പ്രതിസ്ഥാനത്ത് താനില്ലെന്നുമായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ പ്രതികരണം.
യുപിഎ കാലത്താണ് ഈ കോഴയിടപാട് നടന്നത്.കാര്‍ത്തിയുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഈ ഇടപാട് സിബിഐയുടെ ശ്രദ്ധയില്‍പ്പെടുന്നത്. പഞ്ചാബിലെ തല്‍വണ്ടി വൈദ്യുത നിലയത്തിന്റെ പണി ചൈനീസ് കമ്പനിക്കാണ് നല്‍കിയിരുന്നത്. പണി വൈകിയപ്പോള്‍ പിഴ ഈടാക്കുമെന്ന അവസ്ഥ വന്നു. ഇതോടെ കൂടുതല്‍ ചൈനീസ് തൊഴിലാളികളെ എത്തിക്കാന്‍ ശ്രമം തുടങ്ങി.എന്നാല്‍ വിസ പ്രശ്‌നം കാരണം അതിന് സാധിക്കാതെ വന്നതോടെ കാര്‍ത്തി ചിദംബരം വഴി ഇടപെടലിന് കമ്പനി നീക്കം നടത്തി. ഇതിനായി 50 ലക്ഷം രൂപ കാര്‍ത്തിക്ക് നല്‍കിയെന്നാണ് സിബിഐ പറയുന്നത്. ഒരു മാസത്തിനുള്ളില്‍ 250 പേര്‍ക്ക് വീസയും ലഭിച്ചു. ചെന്നൈയിലെ ഇടനിലക്കാരന്‍ വഴി മുംബൈ കമ്പനിയുടെ പേരിലാണ് ഇടപാട് നടന്നതെന്നാണ് സിബിഐ പറയുന്നത്. കേസില്‍ കാര്‍ത്തിയുടെ വിശ്വസ്തന്‍ ഭാസ്‌ക്കര്‍ രാമന്‍ അടക്കം അഞ്ച് പേര്‍ പ്രതികളാണ്.