കെഎഎസ് പരീക്ഷ ഇന്ന്; ജോലി സ്വപ്‌നം കണ്ട് നാല് ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍

ആദ്യ പേപ്പര്‍ രാവിലെ പത്തിനും രണ്ടാം പേപ്പര്‍ ഉച്ചക്ക് ഒന്നരക്കും തുടങ്ങും. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ ജൂണിലോ ജൂലൈയിലോ നടക്കുന്ന പ്രധാന പരീക്ഷ എഴുതണം.അഭിമുഖവും കഴിഞ്ഞാവും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.

Update: 2020-02-22 03:26 GMT

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ കെഎഎസ് പ്രാഥമിക പരീക്ഷ ഇന്ന് നടക്കും. മൂന്ന് സ്ട്രീമുകളിലായി 4,00,014 പേരാണ് പരീക്ഷ എഴുതുന്നത്. രണ്ടു പേപ്പറുകളിലായാണ് പ്രാഥമിക പരീക്ഷ. ആദ്യ പേപ്പര്‍ രാവിലെ പത്തിനും രണ്ടാം പേപ്പര്‍ ഉച്ചക്ക് ഒന്നരക്കും തുടങ്ങും. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ ജൂണിലോ ജൂലൈയിലോ നടക്കുന്ന പ്രധാന പരീക്ഷ എഴുതണം.അഭിമുഖവും കഴിഞ്ഞാവും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.

ജൂനിയല്‍ ടൈം സ്‌കെയില്‍ ട്രെയിനി എന്ന പേരിലുള്ള തസ്തികയിലെ ആദ്യ ബാച്ചിലേക്കാണ് പരീക്ഷ. ഡെപ്യൂട്ടി കളക്ടര്‍ തസ്തികക്ക് മുകളില്‍ റാങ്കും ശമ്പളവും ഉള്ള തസ്തികയാണിത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പിഎസ് സി ശ്രമം. സംവരണത്തില്‍ നീണ്ട തര്‍ക്കവും പരീക്ഷാ പരീശീലനത്തിനായുള്ള സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കൂട്ട അവധിയുമെല്ലാം നേരത്തെ വിവാദത്തിലായിരുന്നു.

രാവിലത്തെ പരീക്ഷ എഴുതാത്തവരെ തുടര്‍ന്നുള്ള പരീക്ഷയില്‍ പങ്കെടുപ്പിക്കില്ല. പരീക്ഷ തുടങ്ങുന്നതിനു 15 മിനിറ്റ് മുന്‍പു മുതല്‍ ഉദ്യോഗാര്‍ഥികളെ ഹാളിലേക്കു പ്രവേശിപ്പിക്കും. വൈകിയെത്തുന്നവരെ എഴുതാന്‍ അനുവദിക്കില്ല. അപേക്ഷയില്‍ ആവശ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കു തമിഴ്, കന്നട ചോദ്യക്കടലാസുകള്‍ ലഭിക്കും.

പരീക്ഷാ ഹാളില്‍ വാച്ച് നിരോധിച്ചതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സമയമറിയാന്‍ പരീക്ഷാ കേന്ദ്രത്തിലെ ബെല്‍ ശ്രദ്ധിക്കണം. പരീക്ഷ തുടങ്ങുന്നതിനു മുന്‍പു മുതല്‍ അവസാനിക്കുന്നതു വരെ ഏഴ് തവണയാണു ബെല്ലടിക്കുക. വേനല്‍ക്കാലമായതിനാല്‍ ഹാളില്‍ ശുദ്ധജലം ലഭ്യമാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍, വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ നിരോധിച്ചിരിക്കുകയാണ്. ചെറിയ ക്രമക്കേടു പോലും കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്തൊട്ടാകെ 1534 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ 261. വയനാട്ടിലാണ് കുറവ്-30. കേന്ദ്രങ്ങള്‍ക്കെല്ലാം പോലിസ് നിരീക്ഷണമുണ്ട്. പിഎസ്‌സി ജീവനക്കാരനും പരീക്ഷാ കേന്ദ്രത്തിലുണ്ടാവും.

Tags:    

Similar News